സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു: വണ്ടൂർ സ്വദേശിക്കെതിരേ കേസെടുത്ത് പോലീസ്
1494094
Friday, January 10, 2025 5:26 AM IST
വണ്ടൂർ: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ വണ്ടൂർ വാണിയമ്പലം മാട്ടക്കുളം സ്വദേശി ആലിക്കപറമ്പിൽ റാഷിദി( 22) നെതിരേ പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസം പെൺകുട്ടി സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് ചേർത്താണ് പ്രതിക്കെതിരേ കേസെടുത്തത്. പ്രതി നിലവിൽ സൗദി അറേബ്യയിലാണ്. രണ്ടുവർഷം മുമ്പാണ് പെൺകുട്ടി പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് പ്രണയത്തിൽ നിന്ന് പിന്മാറിയത്.
തുടർന്നാണ് പ്രതി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കാൻ തുടങ്ങിയത്. പെൺകുട്ടി പലതവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രതി കുറ്റകൃത്യം തുടരുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി വണ്ടൂർ പോലീസിൽ പരാതി നൽകിയത്. പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.