കുട്ടികള്‍ക്ക് നേര്‍വഴി കാട്ടി കാര്‍ട്ടൂണുകളും മായാജാല പ്രകടനവും
1494099
Friday, January 10, 2025 5:31 AM IST
മഞ്ചേരി: "നല്ലകുട്ടി വീട്ടിലും നാട്ടിലും' എന്ന വിഷയത്തില്‍ പുല്ലഞ്ചേരി എഎംഎല്‍പി സ്കൂളില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ശ്രദ്ധേയമായി. പഠനത്തില്‍ നിന്ന് പിന്തിരിയുന്ന യുവതലമുറയും പുതിയകാല സാഹചര്യം വരുത്തുന്ന പ്രത്യാഘാതവും വരച്ചുകാട്ടുന്നതായിരുന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച എഴുത്തുകാരന് കൂടിയായ ഉസ്മാന് ഇരുമ്പുഴിയുടെ കാര്ട്ടൂണുകള്.
വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് മജീഷ്യനും സാമൂഹ്യ പ്രവര്‍ത്തകനും രാഷ്ട്ര വിഭൂഷന് പുരസ്കാര ജേതാവുമായ ഹംസ മലയില്‍ ആണ് മായാജാല പ്രകടനം അവതരിപ്പിച്ചത്. മയക്കു മരുന്നിന്റെ പരിണിത ഫലങ്ങള്‍ കുട്ടികള്‍ക്കു മുമ്പില്‍ വിശദീകരിക്കുന്നതിനായി നടത്തിയ മായാജാല പ്രകടനങ്ങള്‍ക്ക് സഹായിയായി പത്തു വയസുകാരന് കെ.കെ. ശ്രീദര്‍ശ് കൂടി വേദിയിലെത്തിയതോടെ അധ്യാപകരും സഹപാഠികളും ആവേശ ഭരിതരായി.
മാജിക്കിന്റെ ബാലപാഠങ്ങള്‍ പോലും കണ്ടിട്ടില്ലാത്ത ശ്രീദര്‍ശ് വേദിയില്‍ കാണിച്ച പ്രകടനത്തെ ഹംസ മലയില്‍ പ്രശംസിച്ചു. കിഴക്കെകുന്നത്ത് ശിവദാസന്‍-ശ്രീജുന ദമ്പതികളുടെ മകനാണ് ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീദര്‍ശ്. സ്കൂളില്‍ നടന്ന പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ പി. സമീന ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ജാഫര്‍ പുല്ലഞ്ചേരി അധ്യക്ഷത വഹിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ എം.റീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.