മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു; നിര്‍ധന കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീട്
1493821
Thursday, January 9, 2025 5:17 AM IST
മലപ്പുറം: അമ്പത്തിയഞ്ച് ശതമാനം ഭിന്നശേഷിക്കാരായ മൂന്ന് പെണ്‍കുട്ടികളും കാന്‍സര്‍ രോഗ ബാധിതയായ മറ്റൊരു മകളുമുള്ള കുടുംബത്തിന് ലൈഫ് മിഷന് പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപ ഭൂമി വാങ്ങുന്നതിനും നാല് ലക്ഷം രൂപ വീടിനും അനുവദിക്കാമെന്ന് തേഞ്ഞിപ്പലം പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. തേഞ്ഞിപ്പലം സ്വദേശി പി.എ. കുഞ്ഞിമോന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നതെന്നും ചികിത്സാ ചെലവ് താങ്ങാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങി. 2020 ലെ ഭൂരഹിത ഭവനരഹിതരുടെ പത്താം വാര്‍ഡ് ലിസ്റ്റില്‍ ക്രമനമ്പര്‍ ഒന്നായി പരാതിക്കാരന്റെ ഭാര്യ പി.എ. ശോഭയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മക്കളില്‍ ഒരാളുടെ പേരില്‍ ഇന്ദിരാഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് 2023 നവംബര്‍ വരെ അനുവദിച്ചിട്ടുണ്ടെന്നും മറ്റ് കുടുംബാംഗങ്ങളുടെ പേരില്‍ പെന്ഷന് ആനുകൂല്യത്തിന് അപേക്ഷ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബം ഇപ്പോള്‍ തേഞ്ഞിപ്പലത്ത് താമസിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ കമ്മീഷന് നേരില്‍ കേട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദേശം നല്കി.