ഹരിതകർമ സേനയ്ക്ക് യൂസർ ഫീ നൽകാത്തവർക്കെതിരേ നടപടി തുടങ്ങി
1494091
Friday, January 10, 2025 5:26 AM IST
കരുവാരകുണ്ട്: ഹരിതകർമ സേനയ്ക്ക് യൂസർ ഫീ നൽകാത്തവർക്കെതിരേ കർശന നടപടി സ്വീകരിച്ച് തുവൂർ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ദിവസം രണ്ട് സ്ഥാപനങ്ങങ്ങളിൽ നിന്ന് 10000 രൂപ വീതം പിഴ ഈടാക്കി. 20 വീടുകൾക്കും പിഴചുമത്തിയതായി പഞ്ചായത്ത് സെക്രട്ടറി കെ.അബ്ദുൽ ശുക്കൂർ പറഞ്ഞു.
വീടുകൾക്ക് 50 രൂപയും, വ്യാപാര സ്ഥാപനങ്ങൾക്ക് 100 രൂപയുമാണ് യൂസർ ഫീ ആയി നൽകേണ്ടത്. എന്നാൽ ഇത് പല വീട്ടുകാരും സ്ഥാപന ഉടമകളും അടവാക്കാൻ കൂട്ടാക്കുന്നില്ല. മാത്രമല്ല മാലിന്യവും യൂസർ ഫീയും ശേഖരിക്കാൻ എത്തുന്ന ഹരിതകർമ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.
ഇത്തരം സാഹചര്യത്തിൽ പോലീസ് സഹായത്തോടെ സ്ത്രീകൾക്കെതിരേയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കും. മാർച്ച് 31 ന് മുന്പ് കേരളത്തെ വലിച്ചെറിയൽ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കുന്നതിന് മുന്നോടിയായി തുവൂർ ഗ്രാമപഞ്ചായത്തും ഈ നേട്ടം കൈവരിക്കേണ്ടതുണ്ട്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ തുവൂർ ടൗണിനെ ഹരിത ടൗണായി പ്രഖ്യാപിക്കുകയും ചെയ്തു.