പി.പി. ദിവ്യ സ്ത്രീത്വത്തിന് അപമാനം: വി.കെ. ഷിബിന കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സ്ത്രീത്വത്തിന് അപമാനമാണെന്നും കൊലയാളിയെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ലന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ഷിബിന.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്നുള്ള രണ്ടാം ദിവസത്തെ പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷിബിന.
ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന് അധ്യക്ഷത വഹിച്ചു. സംഘര്‍ഷം മണിക്കൂറുകള്‍ നീണ്ടുനിന്നു. സമരത്തിനൊടുവില്‍ പ്രവര്‍ത്തകര്‍ സംസ്ഥാന പാത ഉപരോധിച്ചു. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന് ഉള്‍പ്പെടെയുള്ള 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ, വി.പി. അബ്ദുൾ റഷീദ്, സുധീഷ് വെള്ളച്ചാൽ, അശ്വിൻ സുധാകർ, മിഥുൻ മാറോളി, വിജിത്ത് നീലഞ്ചേരി, എൻ. സൗമ്യ, പി.പി. രാഹുൽ, ഫർഹാൻ മുണ്ടേരി, എം.സി. അതുൽ, സന്ദീപ് പാണപ്പുഴ, കെ. കമൽജിത്ത് എന്നിവർ പ്രസംഗിച്ചു.
ബിജെപി ഹര്‍ത്താല്‍ പൂര്‍ണം കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോര്പറേഷന് പരിധിയില്‍ ബിജെപി നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം.
ഇന്നലെ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയായിരുന്നു ഹർത്താൽ. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നെങ്കിലും റോഡില്‍ സാധാരണപോലെ വാഹനത്തിരക്കുണ്ടായിരുന്നു. രാവിലെ തുറന്ന ഓഫീസുകളും കടകളും പ്രവർത്തകർ അടപ്പിച്ചു. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.