നെയ്യാർ കനാൽ ബണ്ട് കാടുമൂടി, മരകുന്നം റോഡിലും കാട്
1513373
Wednesday, February 12, 2025 6:11 AM IST
കാട്ടാക്കട: നെയ്യാർഡാമിന്റെ വലതുകര കനാൽബണ്ടിലെ കാട് വൃത്തിയാക്കണമെന്ന ആവശ്യത്തിനു പരിഹാരമില്ല. മരക്കുന്നത്തേക്കുള്ള റോഡിന് ഇരുവശവും ഇപ്പോൾ കാടുമൂടിയ അവസ്ഥയാണ്. അടുത്തുള്ള പള്ളിയുടെ കംപാഷൻ സെന്റർ, സ്കൂൾ, ആശുപത്രി എന്നിവിടങ്ങളിലേക്കൊക്കെ വിദ്യാർഥികളും നാട്ടുകാരുമൊക്കെ ഉപയോഗിക്കുന്ന റോഡിന്റെ വശമാകെ കാടുമൂടിയതിനാൽ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യമുണ്ട്.
ഇവിടെ പലതവണ പാമ്പിനെ കണ്ടതായി വിദ്യാർഥികൾ പറയുന്നു. അതിനാൽ പേടിച്ചാണ് സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര. അടുത്തിടെ കള്ളിക്കാട്-നെയ്യാർഡാം റോഡിൽ കനാലിനോടു ചേർന്ന ഭാഗത്തെ കാട് കള്ളിക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പുജോലികളിൽ ഉൾപ്പെടുത്തി വൃത്തിയാക്കിയിരുന്നു. മറുവശത്തെ മരക്കുന്നം റോഡിലെ കാട് നീക്കിയില്ല.
ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് പരാതി അവഗണിക്കുകയാണ് ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു. ഈ ബണ്ടിലൂടെ ഇപ്പോൾ പേടിച്ചാണ് നടക്കുന്നത്.