എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അച്ഛൻ മർദിച്ചു
1513103
Tuesday, February 11, 2025 6:08 AM IST
പൂവാർ: എട്ടാം ക്ലാസ് വിദ്യാർഥിയെ നടുറോഡിൽ തടഞ്ഞു നിറുത്തി സഹപാഠിയുടെ അച്ഛന്റെ ക്രൂര മർദ്ദനം. കുട്ടി ആശുപത്രിയിൽ ചികിത്സ തേടി .കാഞ്ഞിരംകുളം പികെഎസ്എച്ച്എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. സംഭവത്തിൽ ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ തിരുപുറം മുള്ളുവിള കാഞ്ഞിരം നിന്ന തെക്കെ ബംഗ്ലാവിൽ സോളമനെ(48 )തിരെ കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.
കാഞ്ഞിരംകുളം പനനിന്ന കർമ്മേൽ വില്ലയിൽ ലാലു നാൻസി ദമ്പതികളുടെ മകനാണ് മർദനമേറ്റത്. ക്ലാസിൽ ബഹളം ഉണ്ടാക്കിയതിന് ലീഡറായ കുട്ടി സഹപാഠിയുടെ പേര് ക്ലാസ് ടീച്ചറോട് റിപ്പോർട്ട് ചെയ്തതിന്റെ വൈരാഗ്യമാണ് കാരണമായി ബന്ധുകൾ പറയുന്നത്. ഇക്കഴിഞ്ഞ ആറാം തീയതി സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ കാഞ്ഞിരംകുളം ജംഗ്ഷനിൽ വച്ച് ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യം വിളിച്ചുകൊണ്ട് ചെകിടത്ത് അടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
അവശനായ കുട്ടിയെ പുല്ലുവിള ഗവ.സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി. തുടർന്ന് കാരക്കോണം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.