ഈഞ്ചയ്ക്കലിന് സമീപം ട്രാന്‍സ്ഫോമറിന് തീപിടിച്ചു
1513091
Tuesday, February 11, 2025 5:59 AM IST
പൂന്തുറ: ബൈപാസില്‍ ഈഞ്ചയ്ക്കലിന് സമീപം കെഎസ്ഇബിയുടെ ഉടമസ്ഥതയിലുളള ട്രാന്‍സ്ഫോമറിന് തീപിടിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.10 ഓടുകൂടിയായിരുന്നു തീപിടിത്തമുണ്ടായത്. വലിയ ശബ്ദത്തെത്തുടര്‍ന്ന് തീ ഉയര്‍ന്ന് കത്തിയതോടെ നാട്ടുകാര്‍ വിവരം കെഎസ്ഇബി അധികൃതരെ അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ചാക്ക ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ അരുണ്‍ മോഹന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ എത്തി കെമിക്കല്‍ പൗഡര്‍ അടിച്ച് തീകെടുത്തിയ ശേഷം തീ പൂര്‍ണമായും അണയ്ക്കുന്നതിലേയ്ക്കായി വെളളം ചീറ്റുകയായിരുന്നു.
ടാന്സ്ഫോമറിനുളളിലെ ഓയിലിനുണ്ടായ അധിക ഹീറ്റാകാം തീപിടിക്കാനുണ്ടായ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.