സിവില്‍സ്റ്റേഷനിലെ കാടുമൂടിയ പാര്‍ക്ക് വൃത്തിയാക്കി : ഇനി ഇരിക്കാം, നടക്കാം
1513107
Tuesday, February 11, 2025 6:08 AM IST
പേരൂര്‍ക്കട: കാടുകയറിക്കിടന്ന കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ പൊതു പാര്‍ക്ക് ശുചീകരിച്ചു. ജില്ലാകളക്ടറുടെ ഇടപെടലിലൂടെയാണ് പാര്‍ക്ക് ശുചീകരിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ പാര്‍ക്കിലെ ഇരിപ്പിടങ്ങളും മറ്റും കാടുകയറിക്കിടക്കുന്നതായി ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. രാവിലെയും വൈകുന്നേരം പൊതുജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്ന പാര്‍ക്കില്‍ എല്ലായിടത്തും കാട്ടുചെടികള്‍ വളര്‍ന്നു കിടക്കുകയായിരുന്നു. മുള്ളുകള്‍ ഉള്ള കാട്ടുചെടികള്‍ ലോഹനിര്‍മിതമായ ഇരിപ്പിടങ്ങള്വരെ മൂടുന്ന അവസ്ഥയുണ്ടായിരുന്നു.
ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. കോടിക്കണക്കിന് രൂപ ചെലവിട്ട് ഭരണസിരാ കേന്ദ്രത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പാര്‍ക്ക് ശുചീകരിച്ചു സൂക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നുള്ള പരാതികള്‍ക്കാണ് പരിഹാരമായിരിക്കുന്നത്.