പാതിവില തട്ടിപ്പ്: ആനന്ദകുമാർ മുൻകൂർ ജാമ്യ ഹർജി നൽകി
1513097
Tuesday, February 11, 2025 5:59 AM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാർ മുൻകൂർ ജാമ്യ ഹർജി നൽകി. തിരുവനന്തപുരം പ്രിൻസിപ്പൾ സെഷൻസ് കോടതി കേസ് 13 ന് ഹർജി പരിഗണിക്കും.
കണ്ണൂർ ടൗണ്‍ പോലീസ് എടുത്ത കേസിൽ കണ്ണൂർ എസ്പിയെ എതിർകക്ഷിയാക്കിയാണ് ഹർജി ഫയൽ ചെയ്തിട്ടുളളത്. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറിയും പളളിക്കുന്ന് എടച്ചേരി മാനസം ഹൗസിൽ എ. മോഹനൻ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.
കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങൾക്ക് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് അൻപത് ശതമാനം നിരക്കിൽ ഇരുചക്ര വാഹനങ്ങൾ നൽകാം എന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
ആനനന്ദകുമാർ കേസിലെ രണ്ടാം പ്രതിയാണ്. കേസിൽ അറസ്റ്റിലായ അനന്തകൃഷ്ണനാണ് ഒന്നാം പ്രതി. ഇവർക്ക് പുറമെ ഡോ. ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, കെ.പി. സുമ, ഇന്ദിര, കോണ്‍ഗ്രസ് നേതാവ് ലാലി വിൻസെന്റ് ഉൾപ്പെടെ ഏഴു പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.