കെ.കെ. ശൈലജയ്ക്കുനേരേ നടക്കുന്ന സൈബർ ആക്രമണം തെമ്മാടിത്തരം: മുഖ്യമന്ത്രി
Friday, April 19, 2024 1:10 AM IST
മലപ്പുറം: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങൾ ശുദ്ധ തെമ്മാടിത്തരമാണെന്നും ഇത്തരം രീതികൾ രാഷ്ട്രീയത്തിൽ അനുവദിക്കാൻ പാടുണ്ടോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
എങ്ങനെയാണ് ഇത്രയും ഹീനമായ രീതിയിൽ ഒരു രാഷ്ട്രീയ നേതാവിനെതിരേ പ്രചാരണം നടത്താൻ കഴിയുക? നമ്മുടെ പൊതുവായ സാംസ്കാരിക രീതിയെ അല്ലേ അതു വെല്ലുവിളിക്കുന്നത്? അത്തരം ആളുകളെയും ചെയ്തികളെയും തള്ളിപ്പറയാൻ എന്താണ് കോൺഗ്രസ് നേതൃത്വത്തിന് മടി? അതല്ലേ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്? - മുഖ്യമന്ത്രി ചോദിച്ചു.
എൽഡിഎഫിന് ഇമ്മാതിരി തറവേല കാണിക്കേണ്ട യാതൊരു ആവശ്യവുമില്ല. സംസ്ഥാനത്ത് അതിശക്തമായ എൽഡിഎഫ് തരംഗം അലയടിച്ചുയരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി. ജയരാജന്റെ വടകരയിലെ ‘വെണ്ണപ്പാളി വനിതകൾ’ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ, എന്താണ് വെണ്ണപ്പാളി എന്ന് പറഞ്ഞാൽ, ചിലപ്പോൾ ക്രീമിലെയറിന്റെ ഭാഗമായിരിക്കും, അതാവും ഉദ്ദേശിച്ചിട്ടുണ്ടാവുകയെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലും വർഗീയതയെ എതിർക്കുന്നതിലും യുഡിഎഫിനു വ്യക്തമായ നിലപാടില്ല. ആർഎസ്എസിനെ ഭയന്ന് സ്വന്തം പാർട്ടിയുടെയും മുസ്ലിം ലീഗിന്റെയും പതാക ഉയർത്തി വോട്ടു ചോദിക്കാൻ പോലും കഴിയാത്ത ദയനീയ സ്ഥിതിയിലാണ് അവർ. ബിജെപിയെ എതിർക്കുന്നതിൽ പ്രത്യയശാസ്ത്രപരമായോ, പ്രായോഗികമായോ കോൺഗ്രസിനു യാതൊരു താത്പര്യവുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.