ഈ നൂറ്റാണ്ട് ഏഷ്യൻ രാജ്യങ്ങളുടേത്: ദീപക് നയ്യാർ
Tuesday, December 5, 2023 2:46 AM IST
തിരുവനന്തപുരം: ഏഷ്യൻ രാജ്യങ്ങളാകും 21-ാം നൂറ്റാണ്ടിൽ ലോകത്തെ സാന്പത്തികമായും രാഷ്ട്രീയമായും മുന്നിൽ നിന്നു നയിക്കുകയെന്ന് ഡൽഹി സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും ജവഹർലാൽ നെഹ്റു സർവകലാശാലയിലെ എമരിറ്റസ് പ്രഫസറുമായ ദീപക് നയ്യാർ അഭിപ്രായപ്പെട്ടു.
ചൈനയാണ് ഈ മാറ്റത്തെ മുന്നിൽ നിന്നു നയിക്കുക. ഈ പുതിയ സാന്പത്തിക, രാഷ്ട്രീയ സാഹചര്യം അമേരിക്ക മേധാവിത്വം പുലർത്തുന്ന ഏകധ്രുവ ലോകത്തുനിന്നും കാര്യമായ മാറ്റത്തിന് വഴി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെ നേതൃത്വത്തിൽ ഒരു ബഹുധ്രുവ ലോകക്രമം നിർമിതമാകുന്നതിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കുകയില്ല. എന്നാൽ, ഇത്തരമൊരു സാധ്യത ഉറപ്പാക്കാനും നമുക്കു കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുലാത്തി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) സംഘടിപ്പിച്ച ഏഴാമത് ഐ.എസ്. ഗുലാത്തി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചൈന, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ അടുത്ത കാൽ നൂറ്റാണ്ടിനിടയിൽ സാന്പത്തിക ശക്തികളായി മാറുന്നതിനുള്ള സാധ്യതകൾ ശക്തമാണ്.
അമേരിക്കയും ചൈനയും പരസ്പരം കൊന്പു കോർക്കുന്ന ഒരു പുതിയ ലോകക്രമമാണ് ഭാവിയിൽ ലോകത്തെ നയിക്കുക. പക്ഷേ ശീതയുദ്ധ കാലത്തേതുപോലെ ഈ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഒരു ഇരുധ്രുവ ലോകസൃഷ്ടിക്കുള്ള സാധ്യത വിരളമാണ്.
ഐക്യരാഷ്ട്ര സംഘടന അടക്കമുള്ള നിലവിലെ ആഗോളക്രമം ഇന്നത്തെ ലോക സാഹചര്യങ്ങൾ നേരിടുന്ന കാര്യത്തിൽ പരാജയമായി മാറിയിരിക്കുന്ന സാഹചര്യമാണ് പുതിയ ഒരു ക്രമത്തെ അനിവാര്യമാക്കുന്നത്.
റഷ്യ- യുക്രൈൻ യുദ്ധവും ഇസ്രായേൽ- ഹമാസ് യുദ്ധവും ആശങ്ക ഉണർത്തുന്ന വിധത്തിൽ തുടരുന്പോഴും ഐക്യരാഷ്ട്ര സംഘടനയെക്കുറിച്ച് നാം കേൾക്കുന്നതേയില്ല എന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.