ഏഴുദിനം; പനിബാധിതർ 4000 കടന്നു
1497471
Wednesday, January 22, 2025 7:30 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കാലാവസ്ഥയിലെ അപ്രതീക്ഷിതമാറ്റങ്ങളെതുടർന്ന് ജില്ലയിലെ ആശുപത്രികളിൽ പനിബാധിതർ നിറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പനി ബാധിച്ചതു നാലായിരത്തിലധികം പേർക്ക്. ഇതിൽ 99 പേരെ അഡ്മിറ്റ് ചെയ്തു. പ്രതിദിനം പനി ബാധിക്കുന്നവരുടെ ശരാശരി എണ്ണം 500 ആയി.
നിലവിലെ റിപ്പോർട്ടുകൾപ്രകാരം കഴിഞ്ഞ 14 മുതൽ 20 വരെ ജില്ലയിൽ 4072 പേർക്കാണ് പനിബാധിച്ചത്. 15 നാണ് ഏറ്റവും കൂടുതൽപേർ പനി ബാധിച്ചു ചികിത്സ തേടിയത് -741 പേർ. ഇതിനുപുറമെ ചുമ, തുമ്മൽ, കഫക്കെട്ട് അടക്കമുള്ള രോഗങ്ങളിൽ ചികിത്സതേടുന്നവരും പ്രതിദിനം കൂടിവരികയാണ്.
തണുപ്പുകാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതും ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാത്തതുമാണ് രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നത്. ഡെങ്കിപ്പനി, എലിപ്പനി എന്നിവ ബാധിച്ചും ചികിത്സ തേടുന്നവരുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 47 പേർ ഡെങ്കിപ്പനി സംശയവുമായി ചികിത്സ തേടി. 20 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.
14 നു ഡെങ്കിപ്പനിസംശയത്തിൽ ചികിത്സതേടിയ എട്ടിൽ എട്ടുപേർക്കും ഡെങ്കി സ്ഥിരീകരിച്ചിരുന്നു. ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇതേ ദിവസംതന്നെ എട്ടുപേർക്കു മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു.