മദ്യം വാങ്ങാന്‍ വന്നയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ
1497446
Wednesday, January 22, 2025 7:29 AM IST
മതിലകം: പൊക്ലായിയില്‍ മദ്യം വാങ്ങാന്‍ വന്നയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ കയ്പമംഗലം സ്വദേശികളായ രണ്ടുപേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ചളിങ്ങാട് സ്വദേശി പുതിയവീട്ടില്‍ ഷാനവാസ് (38), വഴിയമ്പലം സ്വദേശി കുളങ്ങര വീട്ടില്‍ മിന്‍ഷാദ് (32) എന്നിവരാണു പിടിയിലായത്.
വഞ്ചിപ്പുര സ്വദേശിയായ കണ്ണന് എന്നയാളെയാണ് ഇവര്‍ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കിയതെന്നു പോലീസ് പറഞ്ഞു. ഇതിനുശേഷം ചെന്ത്രാപ്പിന്നിയിലുള്ള കണ്ണന്റെ സുഹൃത്തിന്റെ പച്ചക്കറിക്കടയിലുമെത്തി ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ഇയാളുമായുള്ള മുന്‍ വൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ വധശ്രമത്തിനാണു കേസെടുത്തിരിക്കുന്നത്.