കൂരിരുട്ടിൽ ശക്തൻ മത്സ്യമാർക്കറ്റ് ബസ് സ്റ്റോപ്പ്, യാത്രികർ ഭീതിയിൽ
1497463
Wednesday, January 22, 2025 7:29 AM IST
തൃശൂർ: തെരുവുവിളക്കുകൾ പ്രകാശിക്കാതെ ഇരുട്ടുമൂടി ഭീതിപടർത്തിയും വാഹനാപകടഭീഷണിയുയർത്തിയും ശക്തൻ സ്റ്റാൻഡ് പരിസരം.
സ്റ്റാൻഡിന് എതിർവശത്തുള്ള മത്സ്യമാർക്കറ്റിനു മുൻവശത്തെ ബസ് സ്റ്റോപ്പാണ് രാത്രി ഏഴോടെ ഇരുട്ടിലാകുന്നത്. ഈ ഭാഗത്തുള്ള നാലു തെരുവുവിളക്കുകളും എതിർവശത്തു ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള തെരുവുവിളക്കുകളും മാസങ്ങളായി പ്രകാശിക്കുന്നില്ല. ഓട്ടോസ്റ്റാൻഡിനു സമീപത്തെ ഒന്നുരണ്ടു തെരുവുവിളക്കുകൾ വെളിച്ചംനൽകുന്നുണ്ടെങ്കിലും പന്തലിച്ച മരങ്ങൾ റോഡിലേക്കുള്ള പ്രകാശം മറയ്ക്കുകയാണ്. ഫലത്തിൽ ആകാശപ്പാതമുതൽ ശക്തൻ പ്രതിമവരെ ഇരുട്ടാണ്.
ഒല്ലൂർ, പൊന്നൂക്കര, മുപ്ലിയം, പുതുക്കാട്, ആന്പല്ലൂർ തുടങ്ങി വടക്കേ ബസ് സ്റ്റാൻഡിൽനിന്നു പുറപ്പെടുന്ന ബസുകളും അയ്യന്തോൾ, പനമുക്ക്, നെടുപുഴ ബസുകളും തെക്കോട്ടുള്ള കെഎസ്ആർടിസി ബസുകളും നിർത്തുന്ന സ്റ്റോപ്പിലാണ് ഇരുട്ടിന്റെ ഭയാനകത കൂടുതൽ. ടൗണിലെ തുണിക്കടകളിലെ സെയിൽസ് ഗേൾസ് അടക്കം നിരവധി സ്ത്രീകളും കുട്ടികളുമുൾപ്പടെ ഇവിടെ ബസ് കാത്തുനിൽക്കുന്നു. പലതരത്തിലുള്ള ആളുകളെത്തുന്ന സ്ഥലമായതിനാൽ ഇരുട്ടിൽ സ്ത്രീകളടക്കമുള്ളവർ ഭീതിയോടെയാണു ബസ് കാത്തുനിൽക്കുന്നത്.
ലേണിംഗ് സിറ്റി ബസ് സ്റ്റോപ്പടക്കം രണ്ടു ബസ് സ്റ്റോപ്പുകളാണ് ഇവിടെയുള്ളത്. ലേണിംഗ് സിറ്റി ബസ് സ്റ്റോപ്പിൽമാത്രം വെളിച്ചവും എഫ്എം റേഡിയോ ഗാനങ്ങളുമുണ്ട്. രാത്രി ഒന്പതിന് ആകാശപ്പാത അടച്ചുകഴിഞ്ഞാൽ ധാരാളമാളുകളാണ് ഇരുട്ടിലൂടെ റോഡ് മുറിച്ചുകടക്കുന്നത്.
വാഹനങ്ങളുടെ ഹെഡ്ലൈറ്റ് വെളിച്ചമുണ്ടെങ്കിലും റോഡിന്റെ ഇരുവശത്തുനിന്നും അപ്രതീക്ഷിതമായി ആളുകൾ റോഡ് മുറിച്ചുകടക്കുന്നതിനാൽ ഡ്രൈവർമാര്ക്ക് ആളുകളെ കൃത്യമായി കാണാൻ സാധിക്കുന്നില്ലെന്നു പറയുന്നു. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിയുന്നത്. രാത്രി വൈകുന്തോറും പേടിമൂലം പുരുഷൻമാരടക്കമുള്ള യാത്രികർ ബസ് സ്റ്റോപ്പിൽനിന്നു മാറി സമീപത്തെ ചില പെട്ടിക്കടകളിലെ വെളിച്ചംവീഴുന്ന ഭാഗത്തേക്കു നീങ്ങിനിൽക്കും. ബസ് വരുന്പോൾ സ്റ്റോപ്പിലേക്ക് ഓടിയടുക്കും.
ഇരുട്ടുപ്രദേശമായതിനാൽ മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യവുമുണ്ട്. പലപ്പോഴും ബസ് സ്റ്റോപ്പിനു സമീപത്തെ ഫുട്പാത്തിൽ മദ്യപർ ഛർദിച്ച് അവശരായി ഉടുതുണിപോലും ഇല്ലാതെ കിടക്കുന്നുണ്ടാകും. ചിലരുടെ മോശം പെരുമാറ്റത്തിൽനിന്ന് സമീപത്തെ ഓട്ടോപേട്ടയിലുള്ളവരും യാത്രക്കാരുമാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ രക്ഷപ്പെടുത്തി ബസ് കയറ്റിവിടുന്നത്. തിരക്കുള്ള മേഖലയായിട്ടും പോലീസ് ആസ്ഥാനത്തിനുതൊട്ടുള്ള സ്ഥലമായിട്ടും വേണ്ടത്ര പോലീസ് സുരക്ഷ ഒരുക്കുന്നില്ലെന്നാണ് ആളുകളുടെ ആക്ഷേപം.
സ്വന്തം ലേഖകൻ