കഴിഞ്ഞവർഷം ജില്ലയിൽ 358 അപകടമരണം
1497037
Tuesday, January 21, 2025 1:51 AM IST
തൃശൂർ: ജില്ലയിലെ റോഡുകളിലെ അപകടാവസ്ഥയിലുള്ള കുഴികൾ നികത്താനും നടപ്പാതകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും റോഡ് സുരക്ഷാ സമിതി യോഗത്തിൽ കളക്ടറുടെ നിർദേശം. തൃശൂർ റൗണ്ടിലെ നടപ്പാതകൾ പരിശോധിച്ചു നവകീരണം ആരംഭിക്കാൻ കോർപറേഷൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.
മങ്ങിയ സീബ്രാ ക്രോസിംഗുകൾ നവീകരിക്കാനുള്ള പ്രവൃത്തികൾ അടിയന്തരമായി നടപ്പാക്കാൻ കെഎസ്ടിപി, കെആർഎഫ്ബി, കോർപറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കു കളക്ടർ അർജുൻ പാണ്ഡ്യൻ നിർദേശംനൽകി.
വിയ്യൂർ പവർഹൗസ് ജംഗ്ഷനിലെ അപകടസാധ്യതയില്ലാതാക്കാൻ പത്തുലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകി. റോഡ് സുരക്ഷാ നടപടികളുടെ പുരോഗതി വിലയിരുത്താൻ മൂന്നുമാസം കൂടുന്പോൾ യോഗംചേരും. 2023 ൽ തൃശൂർ ജില്ലയിൽ 5,002 റോഡ് അപടങ്ങളിലായി 441 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2024ൽ ഇത് 4,801 അപകടങ്ങളും 358 മരണങ്ങളുമായി കുറഞ്ഞെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിയ്യൂർ ജയിൽ മുതൽ പന്പ് വരെയുള്ള റോഡിൽ മീഡിയൻ സ്ഥാപിക്കുന്നതിനു സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും.
കോലഴിമുതൽ ഡോക്ടർപടിവരെയുള്ള റോഡിൽ മിന്നുന്ന ലൈറ്റുകൾ സ്ഥാപിക്കാൻ പഠനം നടത്താനും കളക്ടർ നിർദേശിച്ചു. യോഗത്തിൽ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ- എൻഫോഴ്സ്മെന്റ് കെ.ബി. സിന്ധു, പിഡബ്ല്യൂഡി, കോർപറേഷൻ, മോട്ടോർ വാഹന വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.