മുടിദാന മഹിമയിൽ അമല ആശുപത്രി; വിതരണംചെയ്ത് 1800 വിഗ്ഗുകൾ
1497467
Wednesday, January 22, 2025 7:30 AM IST
തൃശൂർ: 1800 കാൻസർരോഗികൾക്കു സൗജന്യമായി വിഗ്ഗുകള്‍ നല്‍കാനായതിന്റെ നിർവൃതിയിൽ അമല മെഡിക്കല്‍ കോളജ് ആശുപത്രി. 18,000 പേരുടെ മുടിദാനത്തിൽനിന്നാണ് ഇത്രയും വിഗുകൾ നിർമിച്ചുനല്‍കിയത്.
410 പുരുഷന്മാർ ഉൾപ്പടെ മൂന്നുമുതൽ 70 വയസുവരെയുള്ള സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽനിന്ന് 30 സെന്റീമീറ്റർ മുടി ശേഖരിച്ചാണു വിഗുകൾ നിർമിച്ചത്.
ഇതുവരെ ആവശ്യപ്പെട്ട എല്ലാ കാൻസർരോഗികൾക്കും സൗജന്യമായി വിഗ്ഗുകൾ നൽകാൻ കഴിഞ്ഞതായി അമല ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി പറഞ്ഞു. അമല ആശുപത്രിയിൽ മാത്രമല്ല, മറ്റ് ആശുപത്രികളിൽ ചികിത്സതേടുന്ന രോഗികൾക്കും അമല ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിൽനിന്ന് വിഗ്ഗുകൾ സൗജന്യമായി നൽകുന്നുണ്ട്.
ഇന്നലെയും 72 പേര്‍ക്കു വിഗ്ഗുകള്‍ വിതരണംചെയ്തതിന്റെ ഉദ്ഘാടനം ദേവമാത പ്രൊവിന്‍ഷ്യൽ റവ. ഡോ. ജോസ് നന്തിക്കര ഉദ്ഘാടനം ചെയ്തു. സ്തനാർബുദം ബാധിച്ച 30 രോഗികൾക്കു നിറ്റഡ് നോകേഴ്സ് സൗജന്യമായി നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 250 പേർ പങ്കെടുത്തു. കേശദാനം സ്നേഹദാനം ക്യാമ്പുകൾ സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചുനൽകിയ 35 പേരെയും മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടൻമാണി, പാലിയേറ്റീവ് വിഭാഗത്തിലെ ഡോ. സുജോ വര്‍ഗീസ്, കേശദാനം കോ ഓര്‍ഡിനേറ്റര്‍ പി.കെ. സെബാസ്റ്റ്യന്‍, ഹെയര്‍ ഡോണര്‍മാരായ ടി.കെ. പ്രശാല്‍, ഇസ മരിയ ലിംഗ്സണ്‍, കൗണ്‍സലിംഗ് വിഭാഗത്തിലെ ഹെന്ന എന്നിവര്‍ പ്രസംഗിച്ചു.