ഒറ്റത്തെരഞ്ഞെടുപ്പ് ഭരണഘടനയെ ദുർബലപ്പെടുത്തുമെന്ന് എസ്.വൈ. ഖുറൈഷി
1497039
Tuesday, January 21, 2025 1:51 AM IST
തൃശൂർ: ഇന്ത്യയിൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പു നടത്തിയാൽ ഭരണഘടനയുടെ അടിസ്ഥാനഘടനയെ ദുർബലപ്പെടുത്തുന്നതാകുമെന്നു മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. എസ്.വൈ. ഖുറൈഷി. സിജെഎസ് ട്രസ്റ്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കോലഴി ഗ്രാമീണ വായനശാല എന്നിവയുടെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച സിജെഎസ് സ്മാരക പ്രഭാഷണത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്- ഇന്ത്യൻ ഫെഡറൽ രാഷ്ട്രീയത്തിനൊരു പേടിസ്വപ്നം എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അസ്ഥിരത പടർത്താനേ ഇത് ഉപകരിക്കൂ. ഇന്ത്യയുടെ ഫെഡറലിസത്തെ ഈ നീക്കം സാരമായി ബാധിക്കും.
ഭരണഘടനയുടെ അടിസ്ഥാനഘടനയെ ദുർബലപ്പെടുത്തുന്ന യാതൊരുവിധ ഭേദഗതികളും പാടില്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാനവിധിയുടെ ലംഘനമാകും ഈ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാകമ്മിറ്റി അംഗം സി. ബാലചന്ദ്രൻ, കാലിക്കട്ട് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.കെ. പ്രദീപ് കുമാർ, കാലിക്കട്ട് സർവകലാശാല മുൻ രജിസ്ട്രാർ ഡോ. സി.എൽ. ജോഷി, സുനിൽ എന്നിവർ പ്രസംഗിച്ചു.