അനുമതിയില്ലാതെ കടലിൽ ഉല്ലാസയാത്ര, സ്പീഡ് ബോട്ട് പിടികൂടി
1496473
Sunday, January 19, 2025 2:19 AM IST
കൊടുങ്ങല്ലൂർ: അനധികൃതമായി കടലിൽ ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. എറണാകുളം ജില്ലയിലെ ചേന്ദമംഗലം കരിപ്പായിക്കടവ് നിലവ് വീട്ടിൽ മേഷിന്റെ ഉടമസ്ഥതയിലുള്ള മനാമി എന്ന സ്പീഡ് ബോട്ടാണു പിടികൂടിയത്. ബോട്ടിനു കടലിൽ ഉല്ലാസയാത്ര നടത്താനുള്ള അനുമതിപത്രമോ രേഖകളോ ഉണ്ടായിരുന്നില്ല. മത്സ്യബന്ധനയാനമല്ലാത്തതിനാൽ പിടിച്ചെടുത്ത ബോട്ട് കൊടുങ്ങല്ലൂർ പോർട്ട് കൺസർവേറ്റർക്കു കൈമാറി.
അഴിക്കോട് അഴിമുഖത്തിനു വടക്കുപടിഞ്ഞാറ് സുരക്ഷാസംവിധാനങ്ങളില്ലാതെ ശക്തമായ തിരയടിയിൽ അമിതവേഗത്തിലും അശ്രദ്ധമായുമാണ് ബോട്ട് ഓടിച്ചിരുന്നതെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കടലിലൂടെ സഞ്ചരിക്കാൻ പ്രാപ്തമല്ലാത്ത (സീ വർത്ത്നസ്), ഉൾനാടൻ ജലാശയങ്ങളിൽമാത്രം ഉപയോഗിക്കാവുന്ന സ്പീഡ് ബോട്ടാണ് യാത്രാസംഘം ഉപയോഗിച്ചിരുന്നത്.
ഓപ്പറേഷൻ സജാഗിന്റെ ഭാഗമായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി. സീമയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് സ്പീഡ്ബോട്ട് പിടിച്ചെടുത്തത്. സംഘത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗിലെ ഉദ്യോഗസ്ഥരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ ഷെഫീക്ക്, സിജീഷ്, ബോട്ട് സ്രാങ്ക് സന്തോഷ് മുനമ്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവരും ഉണ്ടായിരുന്നു. വരുംദിവസങ്ങളിൽ കടലിൽ പരിശോധന ശക്തമാക്കുമെന്നും ആധാർ അടക്കമുള്ള രേഖകൾ പരിശോധിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾമജീദ് പോത്തന്നൂരാൻ അറിയിച്ചു.