മെഗാ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം നാളെ
1497459
Wednesday, January 22, 2025 7:29 AM IST
തൃശൂർ: അതിരൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ആയിരത്തിലധികം മാതൃവേദി അംഗങ്ങൾ പകർത്തിയെഴുതിയ ബൈബിളിലെ പുതിയനിയമം ഒരുമിച്ചു പ്രകാശനം ചെയ്യുന്നു. നാളെ വൈകീട്ട് 4.30 നു ലൂർദ് കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിലാണ് പ്രകാശനം.
അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി ഉച്ചയ്ക്കു 2.30 ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. തുടർന്നു ബൈബിളിലെ പുതിയനിയമം മുഴുവനും മാതൃവേദി അംഗങ്ങൾ അഞ്ചുമിനിറ്റുകൊണ്ട് വായിക്കും. ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്സ് പ്രതിനിധികളും വിലയിരുത്താനായി കത്തീഡ്രൽ അങ്കണത്തിൽ സന്നിഹിതരാകും.
പത്രസമ്മേളനത്തിൽ മാതൃവേദി ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനിഷ് കൂത്തൂർ, പ്രസിഡന്റ് ഉജ്വല ബിജു, സെക്രട്ടറി റീന വർഗീസ്, കണ്‍വീനർ എൽസി വിൻസെന്റ്, ജോയിന്റ് കണ്‍വീനർ ജീന ജോസഫ് എന്നിവർ പങ്കെടുത്തു.