ബോട്ടുകൾ പിടിച്ചെടുത്ത് പിഴ ചുമത്തി
1497040
Tuesday, January 21, 2025 1:51 AM IST
അഴീക്കോട്: തീരത്തോടുചേർന്ന് അനധികൃത രാത്രികാല മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് അധികൃതര്‍. തീരക്കടലിൽനിന്നു കൂട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുത്ത് മത്സ്യബന്ധനം നടത്തുന്ന രീതി (കരവലി) മത്സ്യസമ്പത്ത് കുറയാനിടയാക്കും.
ഇതിലൂടെ മത്സ്യലഭ്യത കുറയുമെന്നുകാണിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നൽകിയ പരാതിയിൽ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സി. സീമയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സംഘം തീരക്കടലിൽ അർധരാത്രി നടത്തിയ പരിശോധനയിൽ അനധികൃത മത്സ്യബന്ധനം നടത്തിവന്ന ബോട്ടുകൾ പിടികൂടി.
എറണാകുളം പള്ളിപ്പുറം സ്വദേശി ചീനിക്കപറമ്പിൽ സ്റ്റെനി പിൻഹേറോയുടെ സ്റ്റെനി എന്ന ബോട്ടും, പള്ളിപ്പുറം വൈദ്യരുപടി സ്വദേശി കാവാലംകുഴി വീട്ടിൽ കെ.ജി. ജോസഫിന്റെ ഉടമസ്ഥതയിലുള്ള അശ്വിൻ എന്ന ബോട്ടുമാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അധികൃതർ പിടിച്ചെടുത്തുത്.
നിയമനടപടികൾ പൂർത്തിയാക്കി ഓരോ ബോട്ടിനും രണ്ടരലക്ഷം രൂപവീതം പിഴയീടാക്കി. ബോട്ടുകളിലെ മത്സ്യം പരസ്യലേലംചെയ്തു വിറ്റ വകയിൽ 2,61,500 രൂപ ട്രഷറിൽ ഒടുക്കി.
കരവലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധിച്ച മത്സ്യബന്ധനരീതിയാണ്. ഇതുലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്നത്.
പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കേ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള കടൽതീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രത്യേക പരിശോധന സംഘത്തിൽ എഫ്ഇഒ അശ്വിൻ രാജ് , എഫ്ഒ സഹന ഡോൺ, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ ഇ.ആർ. ഷിനിൽകുമാർ, വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു എന്നിവര്‍ നേതൃത്വംനല്കി. സീറെസ്ക്യൂ ഗാർഡുമാരായ വിജീഷ്, റഫീക്, സ്രാങ്ക് ദേവസ്സി, എൻജിൻ ഡ്രൈവർ റോക്കി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വരും ദിവസങ്ങളിൽ രജിസ്ട്രേഷൻ, ലൈസന്‍സ് എന്നിവയില്ലാത്ത ബോട്ടുകൾക്കും, അനധികൃത മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്ന ബോട്ടുകൾക്കും എതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പൊത്തന്നൂരാൻ അറിയിച്ചു.