അപകടകരമായ ജലാശയങ്ങൾ രണ്ടാഴ്ചക്കുള്ളിൽ ഓഡിറ്റ് നടത്തണം
1497470
Wednesday, January 22, 2025 7:30 AM IST
സ്വന്തം ലേഖകന്
തൃശൂർ: രണ്ടാഴ്ചയ്ക്കുള്ളിൽ അപകടകരമായ ജലാശയങ്ങളുടെ ഓഡിറ്റ് നടത്താൻ ഫയർഫോഴ്സിനും പോലീസിനും തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ഇവയുടെ മാപ്പിംഗ് അടിയന്തരമായി നടത്തണം.
മുന്നറിയിപ്പുബോർഡുകൾ എല്ലാ ഭാഷകളിലും സ്ഥാപിക്കണം. ജില്ലയിൽ അടുത്തിടെയുണ്ടായ മുങ്ങിമരണങ്ങളുടെ പശ്ചാത്തലത്തിൽ ജലാശയങ്ങൾ സന്ദർശിക്കുന്നവർക്കുള്ള സുരക്ഷാ മുൻകരുതൽ നടപടികൾ ചർച്ചചെയ്യാൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണു നിർദേശം.
തൃശൂർ ജില്ലയിൽ 61 കിലോമീറ്റർ തീരദേശവും നദികളും പുഴകളുമുണ്ട്. ഇവിടങ്ങളിൽ പരമാവധി സുരക്ഷാ ഉപകരണങ്ങൾ ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ സജ്ജമാക്കണം. പരമാവധി വേലി കെട്ടണം. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ അപകടമേഖലയിൽ ലഭ്യമാക്കണം. വിദ്യാർഥികളെ ബോധവത്കരിക്കണം.
നീന്തൽ ഒരു ലൈഫ് സ്കിൽ എന്ന രീതിയിൽ കുട്ടികൾക്കിടയയിൽ പ്രചാരണം നടത്തണം. ഫയർ അക്കാദമി ഉദ്യോഗസ്ഥർ ട്രെയിനിംഗ് മൊഡ്യൂൾ, മാർഗനിർദേശങ്ങൾ എന്നിവ തയാറാക്കി നോഡൽ ഓഫീസർമാർക്കു നൽകണം. എൻഎസ്എസ്, എൻസിസി ക്യാന്പുകളുടെ ഭാഗമായും ക്ലാസുകൾ നടത്തണം.
സ്വിം ഫോർ ലൈഫ്: 10,000 പേർക്കു പരിശീലനം
പ്രതിവർഷം കുറഞ്ഞതു പതിനായിരംപേർക്കു നീന്തൽപരിശീലനം നൽകാൻ പദ്ധതി ആവിഷ്കരിക്കണമെന്നു കളക്ടർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ, ക്ലബ്ബുകൾ, യുവജനസംഘടനകൾ, സ്പോർട്സ് കൗണ്സിൽ ഉൾപ്പെടെ വിവിധ തലങ്ങളിൽ പദ്ധതികൾ ആവിഷ്കരിച്ച് അടുത്തമാസം മുതൽ നടപ്പാക്കണം. പീച്ചിയിലെ ഇറിഗേഷൻ ഡിവിഷന്റെ കീഴിലുള്ള നീന്തൽക്കുളത്തിൽ ജനങ്ങൾക്കു പരിശീലനത്തിനു നടപടി സ്വീകരിക്കണം.
ആപ്തമിത്ര, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ് എന്നിങ്ങനെയുള്ള വിവിധ എജൻസികളുടെ കീഴിൽ വോളന്റിയർ ഗ്രൂപ്പുകൾ രൂപീകരിച്ച് രക്ഷാദൗത്യങ്ങളിൽ ഏർപ്പെടാൻ ആകുംവിധം പരിശീലനം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സിവിൽ ഡിഫൻസ് അക്കാദമി, പോലീസ്, ഫയർഫോഴ്സ് എന്നിവർക്കും നിർദേശം നൽകി.
പദ്ധതികളുടെ ത്രൈമാസ റിപ്പോർട്ട് സമർപ്പിക്കണം. മികച്ച പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്ക് അവാർഡ് നൽകും. നടപടികൾക്കു സബ് കളക്ടർ അഖിൽ വി. മേനോനെ ചുമതലപ്പെടുത്തി. യോഗത്തിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, എഡിഎം ടി. മുരളി, ഡപ്യൂട്ടി കളക്ടർ (ഡിഎം കെ. കൃഷ്ണകുമാർ, വിവിധ വകുപ്പു മേധാവികൾ പങ്കെടുത്തു.
കഴിഞ്ഞവർഷം മരിച്ചത് 63 പേർ
സിറ്റി പോലീസ് പരിധിയിൽ 2024ൽ 63 പേർ ജലാശയങ്ങളിലുണ്ടായ അപകടത്തിൽ മരിച്ചു.
ആത്മഹത്യാമരണങ്ങൾ ഒഴിവാക്കിയുള്ള കണക്കാണിത്. 2013ൽ 77 പേർ മരിച്ചു. റോഡപകടങ്ങൾ കഴിഞ്ഞാൽ മരണനിരക്ക് കൂടുതലും ജലാശയ അപകടങ്ങളിലാണ്.