അയ്യൻകാളിയും മഹാത്മാഗാന്ധിയും കണ്ടുമുട്ടിയിട്ട് 88 വർഷം
1495169
Tuesday, January 14, 2025 6:35 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം : അടിച്ചമർത്തപ്പെട്ട ജനത്തിന്റെ ഉന്നമനത്തിനായി പോരാടിയ മഹാത്മാ അയ്യൻകാളിയെ കാണാൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വെങ്ങാനൂരിൻ എത്തിയ ചരിത്ര സംഭവത്തിന് ഇന്ന് 88 വയസ്.
ധന്യ മൂഹൂർത്തത്തിന്റെ ഓർമകൾക്ക് കരുത്ത് പകരാൻ ഗാന്ധിജിയുടെ അർധകായ പ്രതിമയും ഇന്ന് മുതൽ വെങ്ങാനൂരിൽ നിലകൊള്ളും. ഗാന്ധിജിയുടെ സ്മരണകൾ അയവിറക്കി കനകജൂബിലി ആഘോഷിക്കുന്ന ഗാന്ധിസ്മാരകം എന്ന ആതുരാലയ മുറ്റത്ത് വൈകുന്നേരം അനാച്ഛാദനകർമവും നടക്കും.
1937 ജനുവരി 14 നായിരുന്നു ചരിത്രത്താളുകളിൽ ഇടം നേടിയ മഹത്തായ കണ്ടുമുട്ടലിനും ഗാന്ധിജിയുടെ പ്രസംഗത്തിനും വെങ്ങാനൂർ സാക്ഷ്യം വഹിച്ചത്. ദുരാചാരങ്ങൾക്കെതിരെയും ഇന്ത്യൻ സ്വന്തന്ത്ര്യ സമരത്തിനായും പടവാളെടുത്ത ഗാന്ധിജിയുടെ കേരളത്തിലെ അഞ്ചാം വരവിലായിരുന്നുവെങ്ങാനൂരിലെ സന്ദർശനം.
ദുർബല ജനവിഭാഗങ്ങളുടെയും അശരണരുടെയും ഉന്നമനം ലക്ഷ്യമാക്കി ജാതിക്കോമരങ്ങൾക്ക് മുന്നിൽ തലകുനിക്കാത്ത അയ്യൻകാളിയെക്കുറിച്ചുള്ള കേട്ടറിവിൽ എത്തിയ മഹാത്മജിഅയ്യൻകാളി സ്ഥാപിച്ച പ്രൈമറി സ്കൂളും നെയ്ത് ശാല, വായനശാല എന്നിവയും കണ്ട് സന്തുഷ്ടിയടഞ്ഞു.
സ്കൂളിന് മുന്നിലെ മാവിൻ ചുവട് ഇരുവരുടെയും കൂടിക്കാഴ്ചക്ക് സാക്ഷിയായി. അവിടെ തടിച്ചുകൂടിയ ജനത്തോടായി ഗാന്ധിജി പറഞ്ഞു, അയ്യൻ കാളിയിൽ നിങ്ങൾക്ക് അക്ഷീണിതനായ ഒരു പ്രവർത്തകൻ ഉണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിങ്ങൾ പുരോഗതി പ്രാപിച്ച് വരുന്നുണ്ട് എന്ന് ഞാൻ മനസിലാക്കുന്നു.
അയ്യൻകാളിയുടെ ജീവിതാഭിലാഷം ചോദിച്ചറിയാനും ഗാന്ധിജി മറന്നില്ല. എന്റെ ജനങ്ങളുടെ ഇടയിൽ നിന്ന് പത്ത് പേരെങ്കിലും ബിഎ ക്കാരായി കാണണമെന്ന ആഗ്രഹവും മറുപടിയായി നൽകി. പിൽക്കാലത്ത് അയ്യൻകാളിയുടെ സ്വപ്നം സഫലമാകും ചെയ്തു.
ഇന്ന് രാവിലെ ഒൻപത് മുതൽ ഒന്നുവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് . വൈകുന്നേരം അഞ്ചിന് പ്രതിമ അനാവരണം, ചെയർമാൻ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. ഡോ എം.ജി ശശിഭൂഷൺമുഖ്യപ്രഭാഷണം നടത്തും.