ഫാ. തോമസ് ഫെലിക്സ് നന്മയുടെ പക്ഷത്ത് നിലയുറപ്പിച്ച പുരോഹിതൻ: ബംഗാൾ ഗവർണർ
1494557
Sunday, January 12, 2025 2:40 AM IST
തിരുവനന്തപുരം: ഫാ. തോമസ് ഫെലിക്സ് സിഎംഐയുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു. സിഐഎംആർ ഓഡിറ്റോറിയത്തിൽ ഓർമ കുർബാനയും കല്ലറയിൽ പ്രാർഥനയും നടന്നു. തുടർന്നു നടന്ന അനുസ്മരണ പൊതുസമ്മേളനത്തിൽ വെസ്റ്റ് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് മുഖ്യാതിഥിയായിരുന്നു.
സമൂഹത്തിൽ അവഗണിക്കപ്പെട്ടിരുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഫാ. ഫെലിക്സ് ചെയ്ത സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ജീവിതത്തിൽ ഇച്ഛാശക്തിയുണ്ടെങ്കിൽ എന്തും നേടാമെന്നും ഏതു സാഹചര്യത്തെയും ധൈര്യത്തോടെ എങ്ങനെ നേരിടാമെന്നും ഫാ. ഫെലിക്സിൽനിന്നു താൻ പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫാ. ഫെലിസിക്സിനൊപ്പം 1973 മുതൽ പ്രവർത്തിച്ചിരുന്ന, ഇപ്പോൾ സിഐഎംആറിന്റെ ഡയറക്ടറായ സിസ്റ്റർ എലൈസ് മേരിക്ക് ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് നൽകാൻ തീരുമാനിച്ചതായി സി.വി. ആനന്ദ ബോസ് പ്രഖ്യാപിച്ചു. പ്രശസ് തി പത്രവും ഒരുലക്ഷം രൂപയും അടങ്ങുന്നതാണ് അവാർഡ്.
തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാജു അധ്യക്ഷത വഹിച്ചു. സിസ്റ്റർ സീലിയ എഫ്സിസി വിശിഷ്ടാതിഥിയായിരുന്നു. സിഐഎംആർ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് ചങ്ങനാരിപ്പറമ്പിൽ സ്വാഗതവും സിസ്റ്റർ എലൈസ് മേരി നന്ദിയും പറഞ്ഞു.
ഫാ. ഫെലിക്സിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയിരുന്ന രണ്ട് അവാർഡുകൾ സി.വി. ആനന്ദ് ബോസ് വിതരണം ചെയ്തു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രവർത്തിക്കുന്ന ഏറ്റവും നല്ല സ്ഥാപനത്തിനുള്ള അവാർഡിന് കോട്ടയം പൊൻകുന്നത്ത് പ്രവർത്തിക്കുന്ന ആശാനിലയം സ്പെഷ്യൽ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
സ്ഥാപനത്തിനു വേണ്ടി ഫാ. റോയി മാത്യു വടക്കേൽ അവാർഡ് ഏറ്റുവാങ്ങി. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ ഉന്നമനത്തിനായി മാതൃകപരമായി സേവനം കാഴ്ചവയ്ക്കുന്ന വ്യക്തിക്കുള്ള അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ മേരി ടോം എഫ്സിസി (അസീസി വിദ്യാലയം ചേനംകോട്, കന്യാകുമാരി ജില്ല) മുഖ്യാതിഥിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഫാ. തോമസ് ഫെലിക്സ് മെമ്മോറിയൽ അവാർഡ്.