തെരുവുനായ് ശല്യം രൂക്ഷം: മൂന്ന് ദിവസത്തിനിടെ കടിയേറ്റത് 10 പേർക്ക്
1494559
Sunday, January 12, 2025 2:40 AM IST
കാട്ടാക്കട: കാട്ടാക്കടയിൽ തെരുവുനായ് ശല്യം രൂക്ഷം. മൂന്നു ദിവസത്തിനിടെ കടിയേറ്റതു പ ത്തിലേറെ പേർക്ക്. ഭീതിയിൽ നിവാസികൾ.
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോ, പൊതുചന്ത, ജംഗ്ഷൻ, സിവിൽ സ്റ്റേഷൻ, കിള്ളി, തൂങ്ങാംപാറ, തുടങ്ങി വിവിധയിടങ്ങളിലാണ് നായ്ക്കളുടെ താവളം. വഴിയാത്രക്കാർക്കും വളർത്തുമൃഗങ്ങൾക്കും കടിയേൽക്കുന്നതും പതിവായിരിക്കുക യാണ്. നായ്ക്കളുടെ എണം വർധിച്ചത് ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണി സൃഷ്ടിക്കു ന്നുണ്ട്.
കെ എസ്ആർടി സി കാട്ടാക്കട ഡിപ്പോയിൽ അതി രൂക്ഷമാണ് ഇവറ്റകളുടെ ശല്യം. കഴിഞ്ഞ മൂന്നുദിവസം കൊണ്ട് 10 പേർക്കാണ് കടിയേറ്റത്. സ്വന്തം വീട്ടിൽനിന്നും റോഡിലിറങ്ങിയവർക്ക് പോലും തെരുവു നായ യുടെ കടിയേറ്റു.കാട്ടാക്കട എട്ടിരുത്തി, അഞ്ചുതെങ്ങിൻമൂട് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം നാല് പേരെയാണ് കടിച്ചത്. കാട്ടാക്കട ഡിപ്പോയിൽ വരാനോ ബസ് കയറാനാണോ കഴിയാത്ത നിലയാണ്.
കാട്ടാക്കട സിവിൽ സ്റ്റേഷൻ പരിസരം തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. കവാടത്തിലും പരിസരത്തും എപ്പോഴും നായ്ക്കളുടെ കൂട്ടമാണ്. ഇവയുടെ മലമൂത്ര വിസർജ്യങ്ങൾ ഓഫിസുകൾക്കു മുന്നിൽ അസഹനീയമായ ദുർഗന്ധത്തിനിടയാക്കുന്നു. മാർക്കറ്റിൽനിന്ന് സാധനങ്ങളുമായി വരുന്നവരെയും നായ് ക്കൾ ആക്രമിക്കാറുണ്ട്. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും ഇരയാകുന്നത്. പൊതുസ്ഥലത്തെ മാലിന്യം തള്ളലും നായ് ശല്യം വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. തെരുവു നായ്ക്കളെ അമർച്ചചെയ്യാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണു പരാതി.