വിശ്വോത്തര ചലച്ചിത്രകാരന് വിം വെന്‍ഡേഴ്സ് തിരുവനന്തപുരത്ത്
1494555
Sunday, January 12, 2025 2:40 AM IST
തിരുവനന്തപുരം: പെര്‍ഫെക്റ്റ് ഡേയ്സ്, ബ്യൂണ വിസ്റ്റ സോഷ്യല്‍ ക്ലബ് തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ ലോകപ്രസിദ്ധനായ ജര്‍മന്‍ ചലച്ചിത്രകാരന് വിം വെന്‍ഡേഴ്സ് ഫ്രെബുവരി ഒന്‍പതു മുതല്‍ 12 വരെ തിരുവനന്തപുത്ത്. ഗോയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ട്-മാക്സ് മുള്ളര്‍ ഭവന്, കെഎസ്എഫ്ഡിസി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന് രാജ്യത്തെ ഏഴു നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന കിംഗ് ഓഫ് ദി റോഡ് ഇന്ത്യാ ടൂറിന്റെ ഭാഗമായാണ് വെന്‍ഡേഴ്സ് തിരുവനന്തപുരത്തെത്തുന്നത്.
ടൂറിന്റെ ഭാഗമായി ഫെബ്രുവരി 10, 11 തീയതികളില്‍ ശ്രീ, നിള തീയറ്ററുകളിലായി വെന്‍ഡേഴ്സിന്റെ 18 ചലച്ചിത്രങ്ങളുടെ സൗജന്യ പ്രദര്‍ശനം സംഘടിപ്പിക്കുമെന്നു ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന് ഡയറക്ടര്‍ ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മാസ്റ്റര്‍ ക്ലാസുകളും അരങ്ങേറും. പാം ഡി ഓര്, ബാഫ്താ അവാര്‍ഡുകള്‍ നേടിയിട്ടുള്ള വെന്‍ഡേഴ്സ് നിരവധി തവണ ഓസ്കറിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ചലച്ചിത്രകാരനാണ്. ആദ്യമായാണ് വെന്‍ഡേഴ്സ് ഇന്ത്യയിലെത്തുന്നത്.
1970കളില്‍ തുടക്കമായ ജര്‍മന്‍ നവസിനിമയുടെ അഗ്രഗാമികളിലൊരാളാണ് വിം വെന്‍ഡേഴ്സ്. അദ്ദേഹത്തിന്റെ പാരീസ്, ടെക്സാസ് (1984), വിംഗ്സ് ഓഫ് ഡിസയര്‍ (1987) തുടങ്ങിയ മാസ്റ്റര്‍പീസുകളും പിന, ബ്യൂന വിസ്റ്റ സോഷ്യല്‍ ക്ലബ്, ദി സാള്‍ട്ട് ഓഫ് ദി എര്‍ത്ത് എന്നീ ഡോക്യുമെന്ററികളും ആഗോള ചലച്ചിത്ര പാരമ്പര്യത്തിലെ അക്ഷയഖനികളാണ്.