പരമ്പരാഗത മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയില്‍
1494907
Monday, January 13, 2025 6:44 AM IST
പാറശാല: പരമ്പരാഗത മത്സ്യബന്ധനമേഖല കടുത്തപ്രതിസന്ധിയില്‍. തമിഴ്നാട് അതിര്‍ത്തി പ്രദേശമായ നീരോടിയില്‍ പുലിമുട്ട് സ്ഥാപിച്ചതും കടല്‍ ഉള്‍വലിഞ്ഞതും മത്സ്യ ലഭ്യതക്കുറവിനും, നിരവധി ഭാഗങ്ങളില്‍ കടല്ക്ഷോഭത്തിലുടെ കര കവര്ന്നുപോയതും മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിനു പ്രധാന കാരണമായി തീര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ഉള്‍പ്പെടുന്ന പൊഴിയൂര്‍ പരുത്തിയൂര്‍, കൊല്ലങ്കോട്, തെക്കേ കൊല്ലങ്കോട്, വള്ളവിള, നീരോടി വരെയുള്ള പരമ്പരാഗത മത്സ്യതൊഴിലാളികള്‍ മുമ്പ് എന്ജിന് ഘടിപ്പിച്ച ചെറുവള്ളങ്ങളും കമ്പവലയും തട്ടുമടിയും ചൂണ്ട പണിയും ചാളത്തടിയുമായി കടലില്‍പോയിരുന്ന ആയിരത്തോളം പരമ്പരാഗത മത്സ്യതൊഴിലാളികളാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കടല്‍ക്ഷോഭത്തില്‍ ഈ ഭാഗങ്ങളിലെ തീരദേശം പാടെ തകര്‍ന്നടിഞ്ഞതിനാൽ തൊഴിലാളികൾക്കു ചെറുവള്ളങ്ങളും മത്സ്യബന്ധന സാമഗ്രികളും ഈ ഭാഗങ്ങളില്‍ ഇറക്കാന്‍ കഴിയുന്നില്ല. ഹാര്‍ബര്‍ ഇല്ലാത്തതിനാൽ ഇവിടത്തെ തൊഴിലാളികൾക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായ കാസര്‍ക്കോട്, കണ്ണൂര്‍, തലശ്ശേരി, വെപ്പൂര്‍, കൊല്ലം, നീണ്ടകര, മുനമ്പം, വിഴിഞ്ഞം തുടങ്ങിയ ഭാഗങ്ങളിലായി മാസങ്ങളോളം മാറിനിന്നു പണിയെടുക്കേണ്ടതായും വരുന്നു.
ഫിഷറീസ് വകുപ്പ് പ്രതിമാസം നല്കിക്കൊണ്ടിരുന്ന 350 ലിറ്റര്‍ മണ്ണെണ്ണ പിന്നീട് 150 ലിറ്ററിലേക്കു ചുരുക്കുകയും പിന്നീട് നിർത്തുകയും ചെയ്തു. ഇപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നും ഇരട്ടി വിലയ്ക്കു മണ്ണെണ്ണ വാങ്ങിയാണ് ഇവിടെ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും പ്രവര്‍ത്തിച്ചു വരുന്നത്. ഇതു പലര്‍ക്കും നഷ്ടമായതിനാല്‍ മത്സ്യബന്ധനം ഉപേക്ഷിച്ചു മറ്റു തൊഴിലുകള്‍ തേടി പോകാനും തുടങ്ങി.
സംസ്ഥാനത്ത് മറൈന്‍ ഫിഷിംഗ് റെഗുലേഷന് ആക്ട് പ്രകാരം നിരോധിച്ച പെലാജി കട്രോള്‍ നെറ്റ്, മിഡ് വാട്ടര്‍ ട്രോള്‍നൈറ്റ് പോലുള്ള വലകള്‍ ഉപയോഗിച്ച് നടത്തിയ മത്സ്യബന്ധനവും കാലവസ്ഥ വ്യതിയാനവും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. കടലില്‍ നിന്നും 46 ഇനം ചെറുമത്സ്യങ്ങളെ പിടിക്കൂടുന്നതു നിരോധിച്ചിട്ടും അന്യസംസ്ഥാന ബോട്ടുകള്‍ പൂര്‍ണ വളര്ച്ചയെതാത്ത മത്സ്യകുഞ്ഞുങ്ങളെ കൂട്ടത്തോടെ വാരി കൊണ്ടു പോകുന്നതും പരമ്പാഗത തൊഴിലാളികള്‍ക്ക് തിരിച്ചടിയായിറ്റുണ്ട്.
പൊഴിയൂര്‍ മുതല്‍ നീരോടി വരെയുള്ള ഭാഗങ്ങളില്‍ കടല്‍ത്തീരമില്ലാത്തതിനാല്‍ നൂറോളം ചാളത്തടികളില്‍ മത്സ്യബന്ധനം നടത്തി വന്നിരുന്ന തൊഴിലാളികളുടെ എണ്ണം ഇപ്പോൾ നാലിലൊതുങ്ങി. കാലാവസ്ഥ വ്യതിയാനം കാരണം കടലിന്റെ താളത്തിനു മാറ്റംവന്നതും കടലിലെ ചൂടു കൂടിയതും സമുദ്ര നിരപ്പ് ഉയർന്നതും മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും പ്രജനന കേന്ദ്രങ്ങളെയും ആവാസ രീതിയേയും തകിടം മറിച്ചിട്ടുണ്ട്.