ശക്തന് മാർക്കറ്റിലെ ശുചിമുറിബ്ലോക്കും നവീകരിച്ച കിണറും സമർപ്പിച്ചു
1465522
Friday, November 1, 2024 1:53 AM IST
തൃശൂർ: ഉദ്ഘാടനം ലളിതമായി മതിയെന്ന് കേന്ദ്രമന്ത്രി. ആവശ്യമെങ്കിൽ നാലു മെഴുകുതിരിയാകാമെന്നും നിർദേശം. എന്നാൽ സ്റ്റേജും കരിമരുന്നുപ്രയോഗവുമായി കോർപറേഷൻ. സമയത്തിനു മുൻപേ ചടങ്ങ് നടന്നതോടെ പങ്കെടുക്കാൻ കഴിയാതെ ഡിവിഷൻ കൗണ്‍സിലറും നേതാക്കളും.
സുരേഷ്ഗോപിയുടെ എംപി ഫണ്ട് ഉപയോഗിച്ച് ഒരുകോടി രൂപ ചെലവിൽ നവീകരിച്ച ശക്തൻ മത്സ്യമാർക്കറ്റിലെ ശുചിമുറിബ്ലോക്കിന്റെയും നവീകരിച്ച കിണറിന്റെയും സമർപ്പണത്തിലാണ് സ്റ്റേജിൽപോലും കയറാൻ നിൽക്കാതെ ചടങ്ങ് ഉദ്ഘാടനംചെയ്ത് സുരേഷ് ഗോപി മടങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3. 30 നായിരുന്നു സമർപ്പണചടങ്ങ് പറഞ്ഞതെങ്കിലും മൂന്നുമണിയോടെതന്നെ മാർക്കറ്റിൽ എത്തിയ സുരേഷ് ഗോപി 20 മിനിട്ടോളം കാറിൽതന്നെ ഇരുന്നു. 3.20 നു മേയർ എം. കെ. വർഗീസ് എത്തിയപ്പോൾമാത്രമാണ് കാറിൽ നിന്ന് അദ്ദേഹം ഇറങ്ങിയത്. തുടർന്ന് നാടമുറിച്ച് ചടങ്ങുകൾക്കു തുടക്കംകുറിച്ച മന്ത്രി മൂന്നടി ഉയരത്തിലുള്ള മെഴുകുതിരിയിൽ തിരിതെളിയിച്ചാണ് സമർപ്പണചടങ്ങ് നിർവഹിച്ചത്.
ചടങ്ങിനുശേഷം ഏതാനുംപേർ നിവേദനങ്ങളുമായി മന്ത്രിയെ സമീപിക്കവെ സ്വാഗതപ്രസംഗം ഒഴിവാക്കാനും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
പറഞ്ഞ സമയത്തിനുമുൻപേ ചടങ്ങ് നടന്നതോടെ ഡിവിഷൻ കൗണ്‍സിലർ സിന്ധു ആന്റോ ചാക്കോള, ബിജെപി പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളാഞ്ചേരി അടക്കമുള്ള നേതാക്കൾക്കു ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. മേയർക്കുപുറമെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കരോളിൻ ജെറീഷ് പെരിഞ്ചേരി, കൗണ്‍സിലർ കെ.ജി. നിജി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മുഖ്യാതിഥിയാകേണ്ട പി. ബാലചന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ, ഭരണ - പ്രതിപക്ഷ കൗണ്‍സിലർമാർ എന്നിവരും ചടങ്ങിൽ പങ്കെ\ടുത്തിരുന്നില്ല.
സ്റ്റേജ് വേണ്ടെന്നു സുരേഷ് ഗോപി പറഞ്ഞിരുന്നുവെങ്കിലും ഭാവിയിൽ ഇതേച്ചൊല്ലി മറ്റൊരു പ്രതിഷേധം ഉണ്ടാകാതിരിക്കാൻവേണ്ടിയാണ് കോർപറേഷൻ സ്റ്റേജ് ഒരുക്കിയതെന്നാണ് വിവരം.