നിയമവിരുദ്ധമായി വാങ്ങിയ നികുതിപ്പണം തിരിച്ചുനൽകണം: പ്രതിപക്ഷം
1464727
Tuesday, October 29, 2024 2:15 AM IST
തൃശൂർ: അനധികൃതമായി കോർപറേഷൻ വാങ്ങിക്കൂട്ടിയ കോടിക്കണക്കിനു രൂപ നികുതിദായർക്കു സമയബന്ധിതമായി തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ കൗൺസിലിൽ പ്രതിഷേധസമരം നടത്തി.
2016 മുതൽ 2024 വരെ നിയമവിരുദ്ധമായി വാങ്ങിക്കൂട്ടിയ നികുതിയും പലിശയും പിഴപ്പലിശയും സേവനനികുതിയും ലൈബ്രറി സെസും അടച്ചതു നികുതിദായകർക്കു തിരിച്ചുനൽകണമെന്ന് പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.
90 ശതമാനംപേരും കെട്ടിടനികുതി അടച്ചുതീർത്തിട്ടുണ്ടെന്ന് മേയർതന്നെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇറങ്ങിയ സർക്കാർ ഉത്തരവുപ്രകാരം ഗുണം ലഭിക്കുന്നതു 10 ശതമാനം നികുതിദായകർക്കുമാത്രമാണ്.
നേരത്തേ നിയമപ്രകാരം കൃത്യമായി നികുതി അടച്ചവരുടെ പക്കൽനിന്നും വൻതുകയാണ് കോർപറേഷൻ നിയമവിരുദ്ധമായി പിരിച്ചെടുത്തിട്ടുള്ളത്. ഇതു തിരിച്ചുനൽകാൻ എൽഡിഎഫ് ഭരണസമിതിയോ സംസ്ഥാന സർക്കാരോ ഇടപെടുന്നില്ലെന്നും ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
പ്രതിഷേധത്തിൽ ഉപനേതാവ് ഇ.വി. സുനിൽരാജ്, സെക്രട്ടറി കെ. രാമനാഥൻ, ലാലി ജെയിംസ്, ശ്യാമള മുരളിധരൻ, ജയപ്രകാശ് പൂവത്തിങ്കൽ, എബി വർഗീസ്, എ.കെ. സുരേഷ്, എൻ.എ. ഗോപകുമാർ എന്നിവർ സംസാരിച്ചു.