സുവർണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 കാരുണ്യഭവനങ്ങൾ
1465107
Wednesday, October 30, 2024 6:46 AM IST
കൊരട്ടി: വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രം സ്ഥാപിതമായതിന്റെ സുവർണജൂബിലിവേളയിൽ അമ്പതു നിർധനകുടുംബങ്ങൾക്കു കാരുണ്യ ഭവനങ്ങളൊരുക്കുന്നു.
1974-ൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് അട്ടിപ്പേറ്റിയാണ് കൊരട്ടി ദേശീയപാതയോരത്തു വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള തീർഥാടനകേന്ദ്രം സ്ഥാപിച്ചത്. ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായത്തോടെയാണ് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ഭവനരഹിതർക്കു വീടൊരുങ്ങുന്നത്.
ജൂബിലി ആഘോഷങ്ങൾക്കു പ്രാരംഭം കുറിച്ച ഇക്കഴിഞ്ഞ ഫെബ്രുവരിമുതൽ നാളിതുവരെ 25 ഭവനങ്ങളുടെ നിർമാണം പൂർത്തിയാക്കി താക്കോലുകൾ കൈമാറിയതായി തീർഥാടനകേന്ദ്രം റെക്ടർ ഫാ.ബിജു തട്ടാരശേരി പറഞ്ഞു. ഇതിൽ സ്വന്തമായി സ്ഥലമില്ലാത്ത അഞ്ചു കുടുംബങ്ങളുമുണ്ട്. മധ്യസ്ഥതിരുനാൾ ആഘോഷിക്കുന്ന ഡിസംബർ എട്ടിന് ആഘോഷങ്ങളുടെ ചെലവുകഴിഞ്ഞ് മിച്ചംവരുന്ന തുകമുഴുവനും അവശേഷിക്കുന്ന ഭവനങ്ങളുടെ നിർമാണപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
ഓൺലൈൻവഴി ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വിപുലമായ സജ്ജീകരണങ്ങളാണ് തീർഥാടനകേന്ദ്രത്തിന്റെ വെബ്സൈറ്റ് വഴി ക്രമീകരിച്ചിരിക്കുന്നതെന്നു കമ്മിറ്റി അംഗങ്ങളായ മിർവിൻ റിബല്ലോ, സെബാസ്റ്റ്യൻ പാറമേൽ, ടൈറ്റസ് കൊച്ചിക്കാരൻ, എഡ്വേർഡ് കോണത്ത് എന്നിവർ പറഞ്ഞു.