കണ്ടുപിടിത്തങ്ങളുടെ കുടമാറ്റം; റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിനു തുടക്കം
1465109
Wednesday, October 30, 2024 6:46 AM IST
തൃശൂർ: ഒന്നിനൊന്ന് അന്പരപ്പിക്കുന്ന കണ്ടുപിടിത്തങ്ങളുടെ കാഴ്ചയൊരുക്കി റവന്യൂ ജില്ലാ ശാസ്ത്രോത്സവം. ഐസക് ന്യൂട്ടന്റെയും ഐൻസ്റ്റീനിന്റെയും രാമാനുജന്റെയും ശകുന്തളാദേവിയുടെയുമൊക്കെ പിൻതലമുറക്കാർ ആശയങ്ങൾ മികവോടെ അവതരിപ്പിച്ചാണ് മേളയുടെ താരങ്ങളാകുന്നത്.
സേക്രഡ് ഹാർട്ട് സിജിഎച്ച്എസിലെ കണക്കിന്റെ കളികളും സിഎംഎസ് എച്ച്എസ്എസിലെ സാമൂഹികശാസ്ത്രമേളയും മോഡൽ ബോയ്സ് എച്ച്എസ്എസിലെ ഐടി മേളയും ഭാവിതലമുറയുടെ വൈജ്ഞാനിക മുന്നേറ്റത്തിന്റെ സൂചികയായി.
കാൽഡിയനിൽ നടക്കുന്ന പ്രവൃത്തിപരിചയമേളയും മോഡൽ ഗേൾസ് എസ്എച്ച്എസ്എസിൽ നടക്കുന്ന വൊക്കേഷണൽ സ്കൂളുകളുടെ എക്സ്പോയിലും അന്പരപ്പിക്കുന്ന ആശയങ്ങളാണ് കുട്ടികൾ അണിനിരത്തിയത്.
മേളയുടെ ഉദ്ഘാടനം ഹോളിഫാമിലി കോണ്‍വന്റ് ഗേൾസ് ഹൈസ്കൂളിൽ പി. ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷനായി.
കോർപറേഷൻ കൗണ്‍സിലർ റെജി ജോയ്, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ പി. നവീന, ഡയറ്റ് പ്രിൻസിപ്പൽ ഡി. ശ്രീജ, പ്രിൻസിപ്പൽ ഫോറം ജില്ലാ പ്രതിനിധി സന്തോഷ് ടി. ഇമ്മട്ടി, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ എൻ.കെ. രമേഷ്, തൃശൂർ ഈസ്റ്റ് എഇഒ പി. ജീജ വിജയൻ, ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.പി. ബിന്ദു, തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി, ഡിഇഒ ഡോ.എ. അൻസാർ എന്നിവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂര്‍ മുന്നിൽ
തൃശൂര്‍: ജില്ലാ ശാസ്ത്രമേളയുടെ ആദ്യദിനത്തിൽ 902 പോയിന്റുകളോടെ കൊടുങ്ങല്ലൂര്‍ ഉപജില്ല മുന്നിൽ. 891 പോയിന്റുമായി ഇരിങ്ങാലക്കുട ഉപജില്ല രണ്ടാംസ്ഥാനത്തും 889 പോയിന്റുമായി ചാലക്കുടി ഉപജില്ല മൂന്നാംസ്ഥാനത്തും തുടരുന്നു.
സ്കൂളുകളിൽ എച്ച്എസ്എസ് പനങ്ങാട് 273 പോയിന്റുമായി മുന്നിലുണ്ട്. 232 പോയിന്റോടെ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് സിജിഎച്ച്എസ്എസ് രണ്ടാംസ്ഥാനത്തും 191 പോയിന്റുമായി മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ സിജിഎച്ച്എസ്എസ് മൂന്നാംസ്ഥാനത്തും തുടരുന്നു. രണ്ടാംദിനത്തില്‍ ഹയര്‍സെക്കൻഡറി വിഭാഗത്തിന്റെ വിവിധ മത്സരങ്ങളാണ് നടക്കാനുള്ളത്.
3662 വിദ്യാർഥികൾ, 97 അധ്യാപകർ
ആറു വേദികളിലായി നടക്കുന്ന മേളയിൽ 3662 വിദ്യാർഥികളും 97 അധ്യാപകരുമാണ് പങ്കെടുക്കുന്നത്. ശാസ്ത്രമേളയിൽ 558 വിദ്യാർഥികളും 40 അധ്യാപകരും ഗണിതശാസ്ത്രമേളയിൽ 541 വിദ്യാർഥികളും 25 അധ്യാപകരും സാമൂഹ്യശാസ്ത്രമേളയിൽ 373 വിദ്യാർത്ഥികളും 20 അധ്യാപകരും ഐടി മേളയിൽ 335 വിദ്യാർഥികളും 20 അധ്യാപകരും പ്രവൃത്തിപരിചയമേളയിൽ 1415 വിദ്യാർഥിളും വൊക്കേഷണൽ എക്സ്പോയിൽ 400 വിദ്യാർഥികളും പങ്കെടുക്കുന്നു.
വൊക്കേഷണൽ എക്സ്പോ,75 സ്റ്റാളുകൾ
ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ നടക്കുന്ന വൊക്കേഷണൽ എക്സ്പോയിൽ തൃശൂർ, ഇടുക്കി ജില്ലകളിലെ 52 സ്കൂളുകളിൽനിന്ന് മോസ്റ്റ് കരിക്കുലം റിലേറ്റഡ്, മോസ്റ്റ് മാർക്കറ്റബിൾ, മോസ്റ്റ് ഇന്നവേറ്റീവ്, മോസ്റ്റ് പ്രോഫിറ്റബിൾ എന്നിങ്ങനെ നാലു മേഖലകളിലായി അഗ്രിക്കൾച്ചർ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഫിഷറീസ്, ഡയറി സയൻസ്, പ്രിന്റിംഗ്, ഡിസൈനിംഗ്, കന്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ബിസിനസ്, ഫാഷൻ ടെക്നോളജി, മെട്രോളജി, ട്രാവൽ ആൻഡ് ടൂറിസം എന്നിങ്ങനെ 75 സ്റ്റാളുകൾ സജ്ജമാക്കിയിട്ടുണ്ട്. എക്സ്പോയിൽ ജനങ്ങൾക്കു പ്രവേശനം സൗജന്യമാണ്.
കസേരയാണ്, ലാഡറും ഇതു സൂര്യകൃഷ്ണയുടെ ടു ഇൻ വണ്‍
തൃശൂർ: ഇരിക്കാനാണേലും കയറിനിൽക്കാനാണെങ്കിലും മരക്കസേര ബെസ്റ്റാ... ഈ ചിന്തതന്നെയാണ് പ്രവൃത്തിപരിചയമേളയിലെ വുഡ് വർക്കിൽ വ്യത്യസ്തമായ ഉരുപ്പടി ഒരുക്കാൻ പുത്തൂർ ജിവിഎച്ച്എസ്എസിലെ പത്താം ക്ലാസുകാരൻ കെ.എസ്. സൂര്യകൃഷ്ണയെ പ്രേരിപ്പിച്ചത്.
ഒരേസമയം ഇരിക്കാനും, ഇനി അതല്ല എന്തെങ്കിലും എടുക്കുന്നതിന് ഉയരത്തിൽ കയറാനാണെങ്കിൽ ലാഡറാക്കി (ഗോവണി) മാറ്റാനും കഴിയുന്ന ടു ഇൻ വണ്‍ ഐറ്റവുമായാണ് സൂര്യകൃഷ്ണ മേളയിൽ എത്തിയത്. തുടർച്ചയായി നാലുകൊല്ലമായി മേളയുടെ ഭാഗമാകുന്ന സൂര്യകൃഷ്ണ കഴിഞ്ഞവർഷം സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേട്ടം സ്വന്തമാക്കിയിരുന്നു.
മരപ്പണിക്കാരനായ അച്ഛൻ ചെന്പുകണ്ടം കിഴക്കൂട്ട് സുധീർ ജോലിചെയ്യുന്നതു നോക്കിനിന്നാണ് സൂര്യയും ഇതേ പാതയിലേക്കു കടന്നുവരുന്നത്. മഹാഗണി, ആഞ്ഞിലി, പ്ലാവ് തടികൾകൊണ്ട് രണ്ടരമണിക്കൂറിലാണ് ചിന്തേരിട്ടു മിനുസമാക്കിയ ഈ കലാസൃഷ്ടി നിർമിച്ചത്.
ഗ്യാസ് ചോർച്ചയിലെ അപകടമൊഴിവാക്കാം
തൃശൂർ: പാചകവാതകം ചോർന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ ചുരുങ്ങിയ ചെലവിൽ സംവിധാനമൊരുക്കി എടക്കഴിയൂർ സീതിസാഹിബ് വിഎച്ച്എസ്എസിലെ സി.എസ്. ആശിഷും സി.എം. അൻസിലും. ചോർച്ചയുണ്ടായാൽ സെൻസറുകൾ ഉപയോഗിച്ചു തിരിച്ചറിഞ്ഞ് ഗ്യാസ് സിലിണ്ടറിന്റെ നോബ് അടയ്ക്കും. പാചകവാതക പൈപ്പിലോ ബർണറിലോ ചോർച്ചയുണ്ടാലോ ഓഫ് ചെയ്യാൻ മറന്നാലോ ഇതു പ്രയോജനകരമാണെന്നും പൈത്തണ്‍ ഉപയോഗിച്ചുള്ള കോഡിംഗാണ് ഉപയോഗിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞു. തടസങ്ങൾ മുന്നിലുണ്ടായാൽ തനിയെ നിൽക്കുന്ന റോബോട്ടിക് വാഹനവും ഇവർ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്.
മൂന്നുമണിക്കൂറിൽ 40 വിഭവങ്ങൾ... ആൻ മെറിൻ സൂപ്പറാണ്
തൃശൂർ: കുത്തരിച്ചോറിനുപകരം കുത്തിയിടിച്ച അവലും തുളസിയിലരസവും നല്ല നാടൻ ചെന്പരത്തിപ്പൂവിന്റെ പായസവും കൂടെ ഉപ്പേരിയും ഉപ്പിലിട്ടതും അടക്കം നാവിൽ രുചിയുടെ മേളംതീർത്ത് സദ്യവട്ടങ്ങൾ. മൂന്നുമണിക്കൂറിൽ 40 വിഭവങ്ങൾ ഒരുക്കി കരിക്കാട് അൽ അമീൻ സ്കൂളിലെ പത്താംക്ലാസുകാരി പി.എസ്. ആൻ മെറിൻ ജില്ലാ പ്രവൃത്തിപരിചയമേളയിൽ ശ്രദ്ധേയയായി. ന്യൂട്രീഷൻ ഫുഡ് ഇനത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ആൻ മെറിൻ നേടി.
വ്യത്യസ്തമായ രുചിക്കൂട്ടുകൾ ഒരുക്കുക എന്നതു പാഷനാക്കി മാറ്റിയ ഈ വിദ്യാർഥിനി, കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യം ഉറപ്പുവരുത്തുന്ന വ്യത്യസ്തമായ വിഭവങ്ങളാണ് തയാറാക്കിയത്. വാഴയിലകൊണ്ടുള്ള ഹൽവ, സ്വന്തമായി കണ്ടുപിടിച്ച ചേന്പിലറോൾ, വിവിധതരം ജാമുകൾ, അച്ചാറുകൾ, സാലഡുകൾ, തോരനുകൾ തുടങ്ങി വ്യത്യസ്തമായ രുചിക്കൂട്ടുകളാണ് ആൻ ഒരുക്കിയത്.
നല്ലൊരു നർത്തകി കൂടിയായ ആൻ മെറിൻ ഇതാദ്യമായാണ് ജില്ലാ പ്രവൃത്തിപരിചയമേളയിൽ പങ്കെടുക്കുന്നത്. പാചകത്തിൽ പുത്തൻപരീക്ഷണങ്ങൾ നടത്തുന്ന അമ്മ ജെമിയിൽനിന്നു പകർന്നുകിട്ടിയ കൈപ്പുണ്യമാണ് ഭക്ഷണം ഒരുക്കുന്നതിൽ ഈ പാചകവിദഗ്ധയെ വേറിട്ടുനിർത്തുന്നത്. അക്കിക്കാവ് പുലിക്കാട്ടിൽ സുനിലാണ് പിതാവ്. ഹന്ന മരിയ, ആരോണ്‍ എന്നിവർ സഹോദരങ്ങളാണ്.
അരുമകൾ ചൂടിൽ വാടില്ല; ഇതാ പെറ്റ് എസി
തൃശൂർ: വീട്ടിൽ വളർത്തുന്ന അരുമമൃഗങ്ങൾക്കു തണുപ്പും ചൂടും മാറിമാറിയെത്തിക്കാൻ കഴിയുന്ന പെറ്റ് എസിയുമായി കാറളം വിഎച്ച്എസ്എസിലെ എ.എസ്. അക്ബർ.
അരുമകൾക്കായുള്ള എസി കൂടുകളും മറ്റും ഇന്നു ലഭ്യമാണെങ്കിലും വൻവില നൽകണം. എന്നാൽ, ചെറിയ തുകയ്ക്കു വീടുകളിൽ ഇതു സജ്ജമാക്കാൻ കഴിയും. എക്സ്ഹോസ്റ്റ് ഫാനും ചെന്പുകുഴലും വെള്ളം തണുപ്പിക്കുന്നതിനുള്ള സംവിധാനവുമാണ് പ്രധാന ഘടകങ്ങൾ.
കുറച്ചു വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്രത്യേക മൊഡ്യൂൾ ഉപയോഗിച്ചു ജലം തണുപ്പിച്ചശേഷം ചെന്പുകുഴലിലൂടെ കടത്തിവിടുന്നു. ചെന്പുകുഴലിനു പിന്നിലുളള ഫാൻ പ്രവർത്തിക്കുന്നതോടെ തണുത്ത വായു പുറത്തേക്കു പ്രവഹിക്കും. എയർ കണ്ടീഷനറുകൾപോലെ വളരെപ്പെട്ടെന്നു തണുക്കില്ലെങ്കിലും കുറഞ്ഞ ചെലവിൽ ഏറ്റവും ഫലപ്രദമായ പരിഹാരമാണിതെന്ന് അധ്യാപകനായ മുഹമ്മദ് ഷാഫിയും പ്ലസ് ടു വിദ്യാർഥി അക്ബറും പറഞ്ഞു. തണുപ്പുള്ളപ്പോൾ ചൂടുള്ള വായു പ്രവഹിപ്പിക്കാനും കഴിയും. അരുമകൾക്കുവേണ്ടി മാത്രമല്ല, വീടുകളിലെ കടുത്ത ഉഷ്ണത്തിന് ആശ്വാസമേകാനും ഇതുകൊണ്ടു കഴിയുമെന്ന് ഇരുവരും പറഞ്ഞു.