പുത്തൂർ സമാന്തരപാലത്തിന്റെയും മോഡൽ റോഡിന്റെയും നിർമാണം അടുത്തമാസം
1465293
Thursday, October 31, 2024 2:22 AM IST
പുത്തൂർ: കുട്ടനെല്ലൂർ മുതൽ പയ്യപ്പിള്ളിമൂലവരെയുള്ള മോഡൽ റോഡിന്റെയും പുത്തൂരിൽ നിലവിലുള്ള പാലത്തിനു സമാന്തരമായുള്ള പുതിയ പാലത്തിൻന്റെയും നിർമാണം നവംബറിൽ തുടങ്ങാൻ തീരുമാനം. മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽചേർന്ന യോഗത്തിലാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനമായത്.
റവന്യു, കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം, പോലീസ്, കെഎസ്ഇബി എന്നിവയുടെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കുട്ടനല്ലൂര്‍ ഓവര്‍ബ്രിഡ്ജ് മുതല്‍ പയ്യപ്പിള്ളിമൂലവരെ അളന്നുതിട്ടപ്പെടുത്തി ഏറ്റെടുത്ത ഭൂമിയിലെ 407 സ്ഥാപനങ്ങളില്‍ 406 സ്ഥാപനങ്ങളുടെയും കൈവശം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതായി റവന്യു ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ഇതില്‍ 223 സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കാന്‍ മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷൻ വഴി സറണ്ടര്‍ അയച്ചതായി പൊതുമരാമത്ത് വകപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു.
ബാക്കിയുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിക്കുന്നതിന് സ്പോട്ട് ടെന്‍ഡര്‍ നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പ്രത്യേക ഉത്തരവുപ്രകാരം അനുവാദം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നവംബര്‍ പകുതിക്കുള്ളില് റോഡിനായി ഏറ്റെടുത്ത ഭൂമിയിലെ മുഴുവന്‍ കെട്ടിടങ്ങളും പൂര്‍ണമായും പൊളിച്ചുനീക്കാനാവുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാവശ്യമായ സുരക്ഷിതത്വം പൊലീസ് ഉറപ്പുവരുത്തും.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിൽ റോഡിന്റെ നിര്‍മാണം ജാസ്മിന് കണ്‍സ്ട്രക്ഷന്‍സും പാലത്തിന്റെ നിര്‍മാണം കെവിജെ കണ്‍സ്ട്രക്ഷന്‍സും നവംബറില്‍ ആരംഭിക്കും. യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഇതോടൊപ്പം നിര്‍വഹിക്കുന്ന വിധത്തിലാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. റോഡിന്റെയും പാലത്തിന്റെയും നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മന്ത്രി കെ. രാജന് പറഞ്ഞു.
പുത്തൂര്‍ സെന്ററിന്റെ വികസനമുള്‍പ്പടെ പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. ഇതിനൊപ്പം ലക്ഷക്കണിനാളുകള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള യാത്ര സുഗമമാകുമെന്നും റവന്യുമന്ത്രി കൂട്ടിച്ചേർത്തു.