ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജിവച്ചു
1464736
Tuesday, October 29, 2024 2:15 AM IST
ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
ലീന ഡേവിസിനെതിരേ ഭരണകക്ഷിയിലെ അഞ്ച് അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അവിശ്വാസപ്രമേയം ചർച്ചചെയ്യുന്ന യോഗത്തിൽനിന്നു വിട്ടുനിൽക്കാൻ കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസി പ്രസിഡന്റ് വിപ്പ് നൽകി. അവിശ്വാസപ്രമേയം പരാജയപ്പെട്ടശേഷം അഞ്ചുദിവസം കഴിഞ്ഞ് സ്ഥാനം രാജിവയ്ക്കാനായിരിന്നു ധാരണ. ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്നതിനെ തുടർന്ന് ക്വാറം തികയാതെ അവിശ്വാസപ്രമേയം ചർച്ചചെയ്യാൻ യോഗം ചേരാനായില്ല.
ലീന ഡേവിസ് വൈസ്പ്രസിഡന്റ് സ്ഥാനം രാജിവച്ച് പകരം വനജ ദിവാകരനെ വൈസ് പ്രസിഡന്റാക്കണമെന്ന ആവശ്യം ലീന ഡേവിസ് നിരാകരിച്ചതിനെ തുടർന്നാണ് കോൺഗ്രസിലെ അഞ്ച് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. ഡിസിസിതലത്തിൽ ഉണ്ടാക്കിയ ധാരണയനുസരിച്ച് അഞ്ചുവർഷത്തേക്കാണ് തനിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയിരിക്കുന്നതെന്നാണ് ലീന ഡേവിസിന്റെ നിലപാട്. നേരത്തെ വനജ ദിവകാരന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനമായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ ഭരണകക്ഷിയിലെ അംഗബലമനുസരിച്ച് സ്റ്റാൻഡിംഗ് ചെയർമാൻ സ്ഥാനം ലഭിച്ചില്ല. ഇതിനെ തുടർന്നാണ് അവസാനത്തെ ഒന്നരവർഷം വൈസ് പ്രസിഡന്റ് സ്ഥാനം വനജ ദിവാകരന് നൽകണമെന്ന ആവശ്യമുയർന്നത്. ഒടുവിൽ ലീന ഡേവിസ് സ്ഥാനം രാജിവച്ചതോടെ ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾക്ക് വിരാമമായി.