24 അടി ഉയരമുള്ള ധന്വന്തരിയുടെ പ്രതിമ ഉയരുന്നു
1465291
Thursday, October 31, 2024 2:22 AM IST
എരുമപ്പെട്ടി: ആയുർവേദസ്വരൂപനായ ധന്വന്തരിമൂർത്തിയുടെ 24 അടി ഉയരമുള്ള പ്രതിമ നെല്ലുവായിൽ ഉയരുന്നു. നെല്ലുവായ് പട്ടാമ്പി റോഡിലുള്ള ധന്വന്തരി ആയുർവേദഭവൻ ആശുപത്രിയുടെ ഔഷധോദ്യാനത്തിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്.
ആയുർവേദത്തിലും സാംഖ്യശാസ്ത്രത്തിലും പ്രതിപാദിക്കുന്ന പ്രപഞ്ചത്തിന്റെ 24 തത്വങ്ങളയും ശരീരത്തിന് ആധാരമായ 24 തത്വങ്ങളെയും പ്രതിനിധാനംചെയ്താണ് പ്രതിമയ്ക്ക് 24 അടി ഉയരം നൽകിയിരിക്കുന്നത്. ധന്വന്തരി പ്രതിമയുടെ അനാച്ഛാദനം 10ന് രാവിലെ നടക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 24 ആയുർവേദ ആചാര്യന്മാർചേർന്ന് ഗംഗ, യമുന, ബ്രഹ്മപുത്ര, ഗോദാവരി, നർമദ, സിന്ധു തുടങ്ങിയ 24 നദികളിൽനിന്നുള്ള ജലം അഭിഷേകംചെയ്തിട്ടാണ് പ്രതിമയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.
ഇതിനോടനുബന്ധിച്ച് ധന്വന്തരിജയന്തിദിനം മുതൽ തുടർച്ചയായി 12 ദിവസം ധന്വന്തരിഹോമവും ഉണ്ടാകും. കൂടാതെ പ്രതിമയ്ക്ക് മുൻപിലായി അതത് സംസ്ഥാനങ്ങളിൽനിന്നുമുള്ള മണ്ണ് ഉപയോഗിച്ച് നിർമിക്കുന്ന ഇന്ത്യയുടെ ഭൂപടവും തയാറാക്കുന്നുണ്ട്.