വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ അടിമുടി മാറും
1465094
Wednesday, October 30, 2024 6:46 AM IST
വടക്കാഞ്ചേരി: അമൃത് പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരി റെയിൽവേസ്റ്റേഷനു വികസനമെത്തുന്നു. 4.80 കോടി രൂപയുടെ ഒന്നാംഘട്ട പ്രവൃത്തികൾ ഡിസംബറിൽ പൂർത്തീകരിക്കും. നൂറ്റാണ്ടിലധികം പഴക്കമുള്ള റെയിൽവേ സ്റ്റേഷൻ കെട്ടിടം മോടിയാക്കുന്ന പ്രവൃത്തി നടക്കുകയാണ്്. രണ്ട് പ്ലാറ്റ്ഫോമുകളിലും മേൽക്കൂരകൾ പുതുതായി നിർമിക്കുന്നുണ്ട്. വിപുലമായ വാഹനപാർക്കിംഗ് സൗകര്യവുമൊരുങ്ങുന്നുണ്ട്.
സംസ്ഥാനപാതയിൽനിന്ന് സ്റ്റേഷനിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് കവാടം, റോഡിൽ നടപ്പാത, യാത്രക്കാർക്കുള്ള സേവനം മെച്ചപ്പെടുത്തൽ തുടങ്ങി നിരവധി പ്രവൃത്തികൾ അമൃതിൽ നടക്കും. രണ്ടു പ്ലാറ്റ്ഫോമുകളിലും ഭോജനശാല പ്രവർത്തിച്ചുതുടങ്ങി. പ്ലാറ്റ്ഫോമുകൾ ഉയർത്തിയതോടെ യാത്രക്കാർക്കു ട്രെയിനിൽ കയറാനും ഇറങ്ങാനുമുണ്ടായിരുന്ന പ്രയാസം ഒഴിവായി. യാത്രക്കാർക്ക് വിശ്രമമുറി സൗകര്യം, അനൗൺസ്മെന്റ്, ഡിസ്പ്ലേ ബോർഡ് സൗകര്യങ്ങൾ എന്നിവയുമായിക്കഴിഞ്ഞു.
വടക്കാഞ്ചേരിക്കുനേരത്തേ ആദർശ് സ്റ്റേഷൻ പദവികിട്ടിയെങ്കിലും സ്റ്റേഷനുപുരോഗതിയൊന്നുമുണ്ടായില്ല. ഇന്റർസിറ്റി, അമൃത, പാലരുവി എക്സ്പ്രസുകളുടെ സ്റ്റോപ്പിനുവേണ്ടിയുള്ള മുറവിളിയും കാലങ്ങളായി തുടരുന്നെങ്കിലും നടപടിയായിട്ടില്ല. വടക്കാഞ്ചേരി റെയിൽവേസ്റ്റേഷൻ വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര നിയോജകമണ്ഡലം പരിധിയിലുള്ളവരുടെ ട്രെയിൻ യാത്രയ്ക്കുള്ള പ്രധാനആശ്രയമാണ്. ആരംഭത്തിലുണ്ടായിരുന്ന പാർസൽബുക്കിംഗ് സൗകര്യമുൾപ്പടെ ഇവിടെ പലതും നഷ്ടമായി.