ഐസിഡിഎസ് ജീവനക്കാരിയുടെ മരണം: വ്യാജപ്രചാരണമെന്നു ഭരണസമിതി
1464737
Tuesday, October 29, 2024 2:15 AM IST
കൊടുങ്ങല്ലൂർ: എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ ഐസിഡിഎസ് സൂപ്പർവൈസർ ആയിരുന്ന ഇന്ദു വിശ്വകുമാർ കുഴഞ്ഞുവീണ് മരിച്ചതുമായി ബന്ധപ്പെട്ട് ബിജെപിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വ്യാജപ്രചാരണങ്ങൾ സംഘടിപ്പിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിഷാ അജിതൻ, വൈസ് പ്രസിഡന്റ് സന്തോഷ് കോരുചാലിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാര സെന്ററിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടന ചടങ്ങിനുശേഷം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 21ന് വിളിച്ചു ചേർത്ത അങ്കണവാടി പ്രവർത്തകരുടെ അവലോകനയോഗത്തിൽ അങ്കണവാടി ടീച്ചർമാരുടെ പങ്കാളിത്തം സംബന്ധിച്ച് ചർച്ച ചെയ്യുകയുണ്ടായി.
ബിജെപിയുടെ രണ്ട് മെമ്പർമാർ പങ്കെടുത്ത അവലോകനയോഗത്തിൽ ഐസിഡിഎസ് സൂപ്പർവൈസറോട് യാതൊരു വിധത്തിലുള്ള വിശദീകരണം തേടുകയോ, ഏതെങ്കിലും നിലയിലുള്ള വാഗ്വാദങ്ങൾ ഉയർത്തുകയോ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
അത്തരത്തിലൊരു ആക്ഷേപം പഞ്ചായത്ത് ഭരണസമിതിക്കെതിരെ യോഗം നടന്ന ദിവസമോ, അതിനടുത്ത ദിവസമോ ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഹൃദ്രോഗത്തിന് ചികിത്സ നടത്തിവന്ന ഇന്ദു വിശ്വകുമാർ 23നാണ് യാത്രാമധ്യേ ബസിൽവച്ച് കുഴഞ്ഞുവീണ് മരിക്കുന്നത്. മരണത്തെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കുന്ന മനുഷ്യത്വവിരുദ്ധതയാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്. ഇതു സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചവർക്കെതിരെ പരാതി നൽകും. ഏതുതരത്തിലുള്ള അന്വേഷണം നേരിടാൻ തയാറാണെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, മുൻ വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ തുടങ്ങിയവരും പങ്കെടുത്തു.
വികസനപ്രവർത്തനങ്ങളിൽ മുന്നോട്ടുകുതിക്കുന്ന എടവിലങ്ങ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങളെ മറ്റു വിഷയങ്ങൾ പറഞ്ഞ് വിമർശിക്കാനോ, എതിർക്കാനോ കഴിയാത്തതിനാലാണ് ആരോപണത്തിൽ സിപിഎം എടവിലങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എ. ഷെഫീറും പ്രതിഷേധിച്ചു.