കഞ്ചാവ് കേസ്: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
1465294
Thursday, October 31, 2024 2:22 AM IST
എരുമപ്പെട്ടി: വേലൂർ തലക്കോട്ടുകരയിൽനിന്നു രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വേലൂർ തയ്യൂർ മോളിപറമ്പിൽ സാജൻ(37)ആണ് പിടിയിലായത്.
കഴിഞ്ഞ 17ന് രാത്രി 10 മണിയോടെയാണ് സാജനും കൂട്ടുപ്രതിയായ തലക്കോട്ടുക്കര മമ്മസ്രയില്ലത്ത് റിയാസുംചേർന്ന് ബൈക്കിൽ വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന രണ്ടുകിലോ കഞ്ചാവ് എരുമപ്പെട്ടി പോലീസ് പിടികൂടിയത്.
വാഹനപരിശോധന കണ്ട് പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റിയാസിനെ പോലീസ് പിന്തുടർന്ന് പിടികൂടി. ഇതിനിടയിൽ സാജൻ ഓടിരക്ഷപ്പെട്ടു. ഒളിവിലായിരുന്ന സാജൻ ഇന്നലെ പുലർച്ചെ വീട്ടിലെത്തിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ സി.വി. ലൈജുമോൻ, എഎസ്ഐ കെ.ടി. അനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.കെ. രതീഷ്, സിപിഒ ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡിലായിരുന്ന റിയാസിനേയും സാജനേയും സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
റിയാസും സാജനും ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയതിന് പോലിസ് പിടിയിലായിട്ടുണ്ട്.
കുന്നംകുളം, വടക്കാഞ്ചേരി സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണിവർ.