അഴീക്കോട് മുനമ്പം ഫെറിയിൽ യാത്രാസൗകര്യം വേണം
1464738
Tuesday, October 29, 2024 2:15 AM IST
കൊടുങ്ങല്ലൂർ: അഴീക്കോട് മുനമ്പം ഫെറിയിൽ യാത്രാസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നാലരമണിക്കൂർ പുഴയിൽകിടന്ന് പ്രതിഷേധിച്ചു.
കത്തിച്ച പന്തവുമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുഴയിലിറങ്ങിയത്. 100 ദിവസമായി ബോട്ട് സർവീസ് നിലച്ചിട്ടും അധികാരികൾ ഇടപെടാത്തതിനാലാണ് സാഹസികസമരത്തിന് യൂത്ത് കോൺഗ്രസ് രംഗത്തുവന്നത്. ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെടണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യം. ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പുഴയിലിറങ്ങിയത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ. അഫ്സൽ, ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ലാൽ, സുമേഷ് പാനാട്ടിൽ, നിസാർ എറിയാട്, എന്നിവരാണ് പുഴയിലിറങ്ങി സമരം നടത്തിയത്. ജില്ല കളക്ടർ വിഷയത്തിൽ ഇടപെടുകയും ജില്ലാപഞ്ചായത്ത് സെക്രട്ടറിയോട് ഫയലുമായി ഓഫീസിൽ ഹാജരാകാൻ പറയുകയുംചെയ്തു. ജില്ലപഞ്ചായത്ത് പ്രതിപക്ഷനേതാവ് അഡ്വ. ജോസഫ് ടാജറ്റ് കളക്ടറുമായി സംസാരിച്ചു. ഉദ്യോഗസ്ഥതലത്തിൽനിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അനാസ്ഥ കാണിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മടികാണിക്കില്ലെന്നും കളക്ടർ അറിയിച്ചതിനെതുടർന്ന് അവസാനിപ്പിച്ചു.
പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം. കുഞ്ഞുമൊയ്തീൻ സമരം ഉദ്ഘാടനംചെയ്തു. പി.എ. മനാഫ്, നിധീഷ്കുമാർ, പി.എ. കരുണാകരൻ, എവിൻ സിന്റോ, കെ.കെ. സഫറലി ഖാൻ, മൊയ്ദീൻ എസ്എൻ പുരം എന്നിവർ നേതൃത്വംനൽകി.