യാത്രക്കാരെ വലയ്ക്കാതെ സ്വകാര്യ ബസ് സമരം
1465289
Thursday, October 31, 2024 2:22 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ശക്തൻ സ്റ്റാൻഡിൽനിന്നുളള സ്വകാര്യബസുകൾ സർവീസ് നിർത്തിവച്ച് നടത്തുന്ന പണിമുടക്ക് യാത്രക്കാരെ അധികം വലച്ചില്ല. സമരം പ്രഖ്യാപിച്ചെങ്കിലും പല ബസുകളും സ്റ്റാൻഡിൽ കയറിയിറങ്ങാതെ സർവീസ് നടത്തിയതുകൊണ്ട് യാത്രാദുരിതം കാര്യമായി യാത്രക്കാരെ ബാധിച്ചില്ല. തൃശൂർ നഗരത്തിന്റെ പല ഭാഗത്തുമായി യാത്രക്കാരെ ഇറക്കിയും സ്റ്റാൻഡിന്റെ പുറത്തുനിന്നും ആളുകളെ കയറ്റിയും ചില ബസുകൾ സർവീസ് നടത്തിയപ്പോൾ ഭൂരിഭാഗം ബസുകളും സർവീസ് നടത്തിയില്ല.
സമരത്തിൽ പങ്കെടുക്കാതെ ശക്തൻ സ്റ്റാൻഡിലെത്തിയ തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന കിരണ്‍ എന്ന ബസ് തൊഴിലാളികൾ തടഞ്ഞു. സ്റ്റാൻഡിനകത്തുനിന്ന് യാത്രക്കാരെയെടുക്കാൻ പാടില്ലെന്നു തൊഴിലാളികൾ പറഞ്ഞതിനെതുടർന്ന് സ്റ്റാൻഡിനു പുറത്തേക്കു ബസ് മാറ്റിയിട്ടു. പണിമുടക്കറിയാതെ വന്ന പലരും ബുദ്ധിമുട്ടി.
സ്വകാര്യബസുകൾക്ക് ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗതപരിഷ്കരണം പിൻവലിക്കണമെന്നും ശക്തൻ സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി, എഐടിയുസി സംഘടനകൾ ഉൾപ്പെടുന്ന സംയുക്തസമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. പ്രശ്നം ചർച്ചചെയ്യാൻ കഴിഞ്ഞദിവസം കളക്ടർ വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു.
എത്രയും വേഗം സ്റ്റാൻഡ് നവീകരണം ആരംഭിക്കുകയും സ്റ്റാൻഡിലേക്കുള്ള ബസുകളുടെ പ്രവേശന നിയന്ത്രണത്തിൽ മാറ്റംവരുത്തുകയും ചെയ്തില്ലെങ്കിൽ അനിശ്ചിതകാലസമരത്തെപ്പറ്റി ചിന്തിക്കേണ്ടി വരുമെന്നു സമരസമിതി അംഗങ്ങൾ പറഞ്ഞു.