ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹം; ജ്വലിക്കുന്ന ഓര്‍മയ്ക്ക് നാളെ 93
1465290
Thursday, October 31, 2024 2:22 AM IST
ഗുരുവായൂര്‍: കേരളചരിത്രത്തിന്റെ നവോഥാനത്തിന് പ്രധാനപങ്കുവഹിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മയ്ക്ക് നാളെ 93 വർഷം.
ഐതിഹാസികമായ ഗുരുവായൂര്‍ സത്യഗ്രഹം കെ. കേളപ്പന്, മന്നത്ത് പത്മനാഭന് എന്നിവരുടെ നേതൃത്വത്തില്‍ 1931 നവംബര്‍ ഒന്നിനാണ് തുടങ്ങിയത്. സത്യഗ്രഹത്തിന് മുന്നോടിയായി 1931 ഒക്ടോബര്‍ 21ന് പയ്യന്നൂരില്‍നിന്ന് എ.കെ. ഗോപാലന് ജാഥാ ക്യാപ്റ്റനായി സുബ്രഹ്മണ്യന് തിരുമുമ്പിന്റെ നേതൃത്വത്തില്‍ സത്യഗ്രഹ പ്രചരണജാഥ പുറപ്പെട്ടു.
ഒക്ടോബര്‍ 31ന് ഗുരുവായൂരില്‍ എത്തിയ ജാഥയ്ക്ക് വന്‍ വരവേല്പ്പുനല്കി. 1931 നവംബര്‍ ഒന്നിന് കെ. കേളപ്പന്റെയും മന്നത്ത് പത്മനാഭന്റെയും നേതൃത്വത്തില്‍ സത്യഗ്രഹം തുടങ്ങി. ക്ഷേത്രം അധികൃതര്‍ സമരക്കാരെ തടഞ്ഞെങ്കിലും നാമജപത്തോടെ സമരംതുടര്‍ന്നു. ജാഥാ ക്യാപ്റ്റനായ എകെജിക്ക് ക്രൂരമര്‍ദനമേല്‍ക്കേണ്ടിവന്നു.
സത്യഗ്രഹത്തിന്റെ ഏഴാം ദിവസം സുബ്രഹ്മണ്യന് തിരുമുമ്പ് അറസ്റ്റിലായി. ക്ഷേത്രശ്രീകോവിലിനു മുന്നിലെ മണി അടിച്ചതിന് കൃഷ്ണപിള്ളക്കും മര്‍ദനമേറ്റു. സമരം ശക്തമായതോടെ അധികൃതര്‍ ഗുരുവായൂര്‍ ക്ഷേത്രം അടച്ചിട്ടു.
സത്യഗ്രഹം മാസങ്ങള്‍ പിന്നിട്ടതോടെ കെ. കേളപ്പന് നിരാഹാരസത്യഗ്രഹം തുടങ്ങി. കേളപ്പന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരം നിരാഹാരസമരം അവസാനിപ്പിച്ചു. തുടര്‍ന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന പൊന്നാനി താലൂക്കില്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച് ഹിതപരിശോധന നടത്തി.
77 ശതമാനം പേരും ക്ഷേത്രപ്രവേശനത്തിനനുകൂലമായി വിധിയെഴുതി. 1934ല്‍ ഗാന്ധിജി ഗുരുവായൂരിലെത്തി അയിത്തോച്ചാടനത്തിനെതിരെ പ്രസംഗിച്ചു.
1936 നവംബര്‍ 12ന് തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാള്‍ ക്ഷേത്രപ്രവേശന വിളംബരം നടത്തി. എന്നാല്‍ സാമൂതിരിരാജാവ് അതിനെ അനുകൂലിച്ചില്ല. പിന്നീട് മദിരാശി സര്‍ക്കാര്‍ ക്ഷേത്ര പ്രവേശന ബില്‍ പാസാക്കിയതിനുശേഷം 1947 ജൂണിലാണ് എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം സാധ്യമായത്.
ഗുരുവായൂര്‍ ദേവസ്വത്തിന്റെയും നഗരസഭയുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ സത്യഗ്രഹത്തിന്റെ സ്മരണ പുതുക്കുന്നതിന് വിവിധ പരിപാടികളും നാളെ നടക്കും.