വന്യമൃഗങ്ങൾ പറപറക്കും ഈ ശബ്ദം കേട്ടാൽ
1465286
Thursday, October 31, 2024 2:22 AM IST
തൃശൂർ: ക്ലാസിൽ കാലുവച്ചതും വൈദ്യുതിക്കന്പികൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദവും വെളിച്ചവും. കണ്ടവരും കേട്ടവരും അന്പരന്നു. പലരും ക്ലാസിനു പുറത്തേക്ക് ഓടി. വൈദ്യുതിക്കന്പികൾ പൊട്ടിവീണെന്നാണ് പലരും കരുതിയതെങ്കിലും വന്യമൃഗങ്ങളെ ഓടിക്കാനുള്ള വിദ്യാർഥികളുടെ കണ്ടുപിടിത്തമാണിതെന്ന് അറിഞ്ഞതോടെ സന്ദർശകർക്ക് ആശ്വാസം.
ജില്ലാ ശാസ്ത്രമേളയിലെ ഹയർസെക്കൻഡറി വിഭാഗം വർക്കിംഗ് മോഡൽ മത്സരത്തിലാണ് പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ വി.എസ്. അഗ്നേശ്വറും ദേവിനന്ദനയും ഒരുക്കിയ സ്മാർട്ട് ക്രോപ്പ് പ്രൊട്ടക്ടിംഗ് സിസ്റ്റം സന്ദർശകരെ ഞെട്ടിച്ചത്. വന്യമൃഗശല്യം തടയാൻ സ്ഥാപിക്കുന്ന വൈദ്യുതിവേലികൾ മൃഗങ്ങൾക്കും മനുഷ്യർക്കും മരണമണി മുഴക്കുന്പോൾ, അവയെ തടയാനും ജീവൻ രക്ഷിക്കാനുമായി ഇരുവരും കണ്ടുപിടിച്ച സംവിധാനം മേളയിൽ ഏറെ പ്രശംസ പിടിച്ചുപറ്റി.
ലേസർ ലൈറ്റ് ഉപയോഗിച്ച് വന്യമൃഗങ്ങളെ ഓടിക്കാനും അതു ഭേദിച്ച് വരുന്നവയെ പ്രത്യേക തരത്തിലുള്ള ശബ്ദം പുറപ്പെടുവിച്ച് പിന്തിരിപ്പിക്കാനും കഴിയുന്നവിധമാണ് ഇതിന്റെ നിർമാണം.
ഓണ്‍ലൈനിൽനിന്നും സ്കൂളിനു സമീപത്തെ ഇലക്ട്രിക് കടകളിൽനിന്നും ലഭിച്ച ഉപകരണങ്ങളുടെ സഹായത്തോടെ രണ്ടുദിവസം കൊണ്ടാണ് ഇതു നിർമിച്ചത്. പ്ലസ് വണ്‍ വിദ്യാർഥിയാണ് അഗ്നേശ്വർ. ദേവിനന്ദന പ്ലസ്ടു വിദ്യാർഥിനിയാണ്.