സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലക്സ്: അഴിമതി ആരോപിച്ച് യുഡിഎഫ്
1465292
Thursday, October 31, 2024 2:22 AM IST
ഗുരുവായൂർ: നഗരസഭ കൗൺസിൽ യോഗത്തിൽ അഴിമതി ആരോപണം ഉന്നയിച്ച് യുഡിഎഫ് പ്രതിഷേധം.
നഗരസഭ സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിർമാണവുമായി ബന്ധപ്പെട്ട പുതുക്കിയ എസ്റ്റിമേറ്റ് സംബന്ധിച്ച അജന്‍ഡയാണ് പ്രതിഷേധത്തിനിടയാക്കിയത്. 6,22,47,583 രൂപയുടെ എസ്റ്റിമേറ്റിൽ നിർമാണങ്ങൾ പുരോഗമിക്കുന്നതിനിടയിൽ 1.16 കോടി അധികം അനുവദിക്കുന്നതിനായി എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്ന വിഷയം കൗൺസിൽ പരിഗണനയ്ക്കെത്തിയിരുന്നു. ഇതു അഴിമതിയാണെന്ന് യുഡിഎഫ് കൗൺസിലർ കെ.എം. മെഹറൂഫ് ആരോപിച്ചു. ചെയർമാൻ എം. കൃഷ്ണദാസ് ഇക്കാര്യം നിഷേധിച്ചു.
പ്രതിപക്ഷത്തിന്റെ എതിർപ്പോടെ അജന്‍ഡ പാസാക്കാൻ ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്റെ നേതൃത്വത്തിൽ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം വകവയ്ക്കാതെ അജന്‍ഡ വായന തുടർന്നതോടെ പ്രതിപക്ഷാംഗങ്ങൾ ചെയർമാന്റെ ചേമ്പറിനുമുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യംവിളിച്ച് പ്രതിഷേധിച്ചു. നഗരസഭയുടെ മുഴുവൻ പദ്ധതികളിലും അഴിമതി നിഴലിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ വികസന പ്രവർത്തനങ്ങളിൽ വിളറിപൂണ്ട പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയനാടകം മാത്രമാണിതെന്ന് ചെയർമാൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ എതിർപ്പിനിടയിൽ അജന്‍ഡകൾ മുഴുവൻ പാസാക്കിയതായി അറിയിച്ച് യോഗം അവസാനിപ്പിച്ചു. ബിജെപി കൗൺസിലർ ജ്യോതി രവീന്ദ്രനാഥ് പ്രതിഷേധത്തിൽ പങ്കെടുത്തില്ല.
അതിദാരിദ്ര്യനിർമാർജനപദ്ധതി പ്രകാരം ഭവനരഹിതരായ കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലൂടെ വീട് ലഭ്യമാക്കുന്നതുവരെ താമസിക്കാൻ പ്രതിമാസം 7000 രൂപ വാടകനൽകാൻ കൗൺസിൽ തീരുമാനിച്ചു. വാർഷികപദ്ധതിയിലോ, തനത് ഫണ്ടിലോ, സ്പോൺസർഷിപ്പിലൂടെയോ ഇതിനുള്ള പണം കണ്ടെത്തും. യോഗത്തിൽ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു.