വഖഫ് അധിനിവേശത്തിനെതിരേ കരുവന്നൂര്‍ എകെസിസിയുടെ പ്രതിഷേധയോഗം
1465101
Wednesday, October 30, 2024 6:46 AM IST
കരുവന്നൂര്‍: മുനമ്പത്തെ കണ്ണീര് ഏതാനും കുടുംബങ്ങളുടെ മാത്രമല്ല, ഈ രാജ്യത്തു പലയിടത്തും സംഭവിച്ചുകഴിഞ്ഞ ദുരന്തമാണെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ അഭിപ്രായപ്പെട്ടു.
വഖഫ് അധിനിവേശത്തിനെതിരേ കരുവന്നൂര്‍ എകെസിസിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ പോസ്റ്റ് ഒാഫീസിന്റെ മുന്നില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പത്തെ ജനകീയ സമരത്തെ ഗൗനിക്കാതെ ഭൂമി പിടിച്ചെടുക്കുമെന്നുള്ള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ തീരുമാനത്തെ ശക്തമായി നേരിടും.
മുനമ്പത്തെ 610 കുടുംബങ്ങളുടെയും നിരവധി ആരാധനാലയങ്ങളുടെയും നിയമാനുസൃത സ്വത്ത് പിടിച്ചുപറിക്കാന്‍ ഇടതും വലതും രാഷ്ട്രീയക്കാര്‍ മത്സരിക്കുകയാണ്. മുനമ്പത്തെ പാവങ്ങളായ മനുഷ്യര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ നിയമസഭയില്‍ ഒരാളുപോലും ഉണ്ടായില്ല. നീതിക്കുവേണ്ടിയുള്ള ഈ സഹനസമരം എത്രയുംവേഗം പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം സര്‍ക്കാരിനോടും വഖഫ് ബോര്‍ഡിനോടും ആവശ്യപ്പെട്ടു.
കരുവന്നൂര്‍ പള്ളി വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍, എകെസിസി പ്രസിഡന്റ് ജോസഫ് തെക്കൂടന്‍, വൈസ് പ്രസിഡന്റ്് ഷാബു വിതയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.