പരിയാരത്തെ ഗുണ്ടാ ആക്രമണം: കൊലക്കേസ് പ്രതി അറസ്റ്റിൽ
1422779
Thursday, May 16, 2024 1:04 AM IST
ചാലക്കുടി: പരിയാരത്തു വിനോദസഞ്ചാരികളായ പ്രധാനാധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടയെ ചാലക്കുടി ഡിവൈഎസ്പി ആർ. അശോകന്റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ. സജീവും പ്രത്യേകാന്വേഷണസംഘവും ചേർന്നു പിടികൂടി. പരിയാരം ഒറ്റക്കൊമ്പൻ സ്വദേശി മുയൽഎബി എന്നറിയപ്പെടുന്ന നെല്ലിശേരി എബിൻ (33) ആണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 29 നു മാള സ്വദേശിയായ അധ്യാപകന്റെ കാറിനു മുന്പിലൂടെ വേഗതകുറച്ച് കിലോമീറ്ററുകളോളം സ്കൂട്ടറോടിച്ച എബിനോടു സൈഡിലൂടെ ഓടിച്ചുകൂടെ എന്നു ചോദിച്ചതിനെ തുടർന്ന് കോപംപൂണ്ട എബിൻ കാറിന്റെ മുൻവശത്തെയും സൈഡിലെയും ചില്ലുകൾ ഹെൽമറ്റുകൊണ്ട് തല്ലിപ്പൊട്ടിക്കുകയും അധ്യാപകനെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്തതായി അറിഞ്ഞ എബിൻ നാളുകളായി മുങ്ങിനടക്കുകയായിരുന്നു.
രണ്ടുവർഷംമുമ്പ് കൊന്നക്കുഴിയിൽ കർഷകനെ സംഘം ചേർന്നാക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപോയ എബിനെ എറണാകുളം ജില്ലയിലെ മുനമ്പത്തുനിന്നുമാണ് അന്ന് പോലീസ് പിടികൂടിയത്. ഈ കേസിൽ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു ഇയാൾ.
ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ, സർക്കിൾ ഇൻസ്പെക്ടർ എം.കെ. സജീവ്, അഡീഷണൽ എസ്ഐ ജോഫി ജോസ്, ക്രൈംസ്ക്വാഡ് എസ്ഐമാരായ വി.ജി. സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, എഎസ്ഐ പി.എം. മൂസ, സീനിയർ സിപിഒമാരായ എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് എബിനെ പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി കോടതിയിൽ ഹാജരാക്കി.