മാപ്രാണം വര്‍ണ സിനിമാസിന്റെ പ്രവര്‍ത്തനം നിർത്തിവയ്ക്കും
1422775
Thursday, May 16, 2024 1:04 AM IST
ഇരിങ്ങാലക്കുട: മാപ്രാണം വര്‍ണ സിനിമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിർത്തിവയ്ക്കാന്‍ ഇരിങ്ങാലക്കുട നഗരസഭായോഗത്തില്‍ തീരുമാനം.
2024 -25 വര്‍ഷത്തെ സിനിമാട്ടോഗ്രാഫി ലൈസന്‍സ് പുതുക്കാത്തതും ഫിലിം ഡെവലപ്മെന്റ് കോര്പറേഷന്, ക്ഷേമനിധി ബോര്‍ഡ്, ചലച്ചിത്ര അക്കാദമി, നഗരസഭ എന്നിവിടങ്ങളിൽ അടയ്ക്കേണ്ട വിനോദനികുതി എന്നിവയില്‍ വരുത്തിയിട്ടുള്ള കുടിശികകളും തിയറ്റര്‍ ഉടമയുടെ വീടിന്റെ വസ്തുനികുതി കുടിശികയും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കുടിശികകള്‍ തീര്‍ത്താല്‍ മാത്രമേ ലൈസന്‍സ് പുതുക്കിനല്കുകയുള്ളൂവെന്ന് ഉടമയെ അറിയിച്ചിട്ടുള്ളതാണെന്നും ഇതുസംബന്ധിച്ച് നഗരസഭാ യോഗത്തിനു മുമ്പാകെ എത്തിയ അജൻഡയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി പതിനെട്ടുലക്ഷം രൂപ ചെലവഴിക്കാനും യോഗം തീരുമാനിച്ചു. ഓരോ വാര്‍ഡിലും 150 പണികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
തൊഴിലുറപ്പുതൊഴിലാളികളുടെ വേതനകുടിശിക തീര്‍ക്കാനായി തനതുഫണ്ടില്‍നിന്നും എട്ടുലക്ഷത്തോളം രൂപ ചെലവഴിക്കാനും യോഗം തീരുമാനിച്ചു.
ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരം നീക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബി എന്നിവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നു. പിഡബ്ല്യുഡി റോഡുകളിലെ അറ്റകുറ്റപ്പണികള്‍ അടിയന്തര സാഹചര്യത്തില്‍ എറ്റെടുക്കാനുള്ള അനുമതി നഗരസഭ നേടിയെടുക്കണമെന്നും പഴികേള്ക്കേണ്ടിവരുന്നതു കൗണ്സിലര്മാര്ക്കാണെന്നും ഭരണകക്ഷി അംഗം ബിജു പോള്‍ അക്കരക്കാരന്‍ പറഞ്ഞു. നഗരസഭ പരിധിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കരാറുകാരുടെ പിറകേ നടക്കേണ്ട അവസ്ഥയാണെന്ന് എല്‍ഡിഎഫ് അംഗം സി.സി. ഷിബിന്‍ ചൂണ്ടിക്കാട്ടി. കൂടല്‍മാണിക്യം കൊട്ടിലാക്കല്പറമ്പിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്നു ബിജെപി അംഗം സന്തോഷ് ബോബനും ആവശ്യപ്പെട്ടു.
ഈ വര്‍ഷത്തെ ഞാറ്റുവേല മഹോത്സവം ജൂണ്‍ 21 മുതല്‍ ജൂലൈ ഒന്നുവരെ ടൗണ്‍ ഹാളില്‍ നടത്താനും യോഗം തീരുമാനിച്ചു. ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.