മഴക്കാലപൂർവ ശുചീകരണം: ടെൻഡർപോലുംവിളിച്ചില്ല
1422610
Wednesday, May 15, 2024 1:33 AM IST
തൃശൂർ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ കോർപറേഷനു ഗുരുതരവീഴ്ച സംഭവിച്ചെന്നു കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം.
വേനൽമഴ ആരംഭിക്കുന്നതിനുമുന്പേ നടത്തേണ്ട തോട്, കാന വൃത്തിയാക്കൽ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിന്റെ ടെൻഡർ നടപടികൾപോലും പൂർത്തീകരിച്ചില്ല. മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന മാർച്ച് 16ലെ സർക്കാർ ഉത്തരവ് കോർപറേഷൻ അവഗണിച്ചെന്നും, പാലിച്ചിരുന്നെങ്കിൽ തെരെഞ്ഞെടുപ്പു പെരുമാറച്ചട്ടനടപടികളിൽ പെടില്ലായിരുന്നെന്നും പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജും ജോൺ ഡാനിയലും ചൂണ്ടിക്കാട്ടി. പെരുമാറ്റച്ചട്ടം വരുന്നതിനുമുൻപേ ശുചീകരണം ആരംഭിക്കണമെന്നു പ്രതിപക്ഷം മേയർക്കു കത്തു നൽകിയിരുന്നതും അവഗണിച്ചെന്ന് ഇവർ പറഞ്ഞു.
ഇനി മഴക്കാലത്തുമാത്രമേ തോട് വൃത്തിയാക്കൽ ഉൾപ്പെടെയുള്ള ശുചീകരണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയൂവെന്ന സ്ഥിതിക്കു കാരണം ഭരണസമിതിയാണെന്നു കൗൺസിലർമാർ കുറ്റപ്പെടുത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, പാർലമെന്ററി പാർട്ടി സെക്രട്ടറി കെ. രാമനാഥൻ, കൗൺസിലർമാരായ സിന്ധു ആന്റോ ചാക്കോള, ആൻസി ജേക്കബ് പുലിക്കോട്ടിൽ, വിനേഷ് തയ്യിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.