പുതിയ ശബ്ദങ്ങൾ അനുകരിക്കണമെന്നു പുതിയ തലമുറയോടു സീനിയേഴ്സ്
1422609
Wednesday, May 15, 2024 1:33 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പ്രഭാതം പൊട്ടിവിരിയുന്നതിന്റെ ശബ്ദവും കിളികളുടെ കളകൂജനവും തീവണ്ടിയുടെ ചൂളംവിളിയും അനുകരണകല അഥവാ മിമിക്രിയിൽനിന്ന് വിട്ടൊഴിയുന്നില്ല. തൃശൂരിൽ രണ്ടു ദിവസമായി സംഘടിപ്പിച്ച അനുകരണകല ശില്പശാലയിൽ പങ്കെടുത്തവർ ഏറ്റവുമധികം അനുകരിച്ചതു പ്രഭാതശബ്ദങ്ങളും ട്രെയിനിന്റെ ചൂളംവിളിയുമാണ്. സിനിമാതാരങ്ങളെ അനുകരിക്കാനും പലരും ശ്രമിച്ചു.
പുതിയ താരങ്ങൾ ചുറ്റുപാടുകളെ കൂടുതൽ ശ്രദ്ധിക്കണമെന്നും പുതിയ ശബ്ദങ്ങൾ ശ്രദ്ധിച്ചു മനസിലാക്കി അനുകരിക്കാൻ ശ്രമിക്കണമെന്നും മിമിക്രി കലാരംഗത്തെ സീനിയർ താരങ്ങൾ പുതിയ തലമുറയ്ക്കു പറഞ്ഞുകൊടുത്തു.
ധാരാളം പുതിയ ശബ്ദങ്ങൾ ഇന്ന് അനുകരിക്കാൻ ഉണ്ടെന്നും പതിവുവഴികൾ വിട്ട് പുതുമകൾ തേടുന്നവർ ഇത്തരം ശബ്ദങ്ങൾ അനുകരിക്കുന്നുണ്ടെന്നും താരങ്ങൾ പറയുന്നു.
കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നു കുട്ടികളും മുതിർന്നവരുമായുള്ളവർ തൃശൂരിൽ രണ്ടു ദിവസമായി നടക്കുന്ന ശില്പശാലയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവരിൽ പലരും മിമിക്രി അവതരണങ്ങൾ നടത്തുന്നവരാണ്. തുടക്കക്കാരുമുണ്ട്.
മൈക്ക് ഹാൻഡിൽ ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ ഇവർക്കു പരിശീലനം നൽകി. സ്റ്റേജിൽ എങ്ങനെ പെർഫോം ചെയ്യണമെന്ന സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഇല്ലാതാക്കി. പലരും കൈകൾകൊണ്ട് മൈക്ക് പൊത്തിപ്പിടിച്ച് ശബ്ദാനുകരണം നടത്തിയപ്പോൾ, അതു തെറ്റാണെന്നും മൂക്കുകൊണ്ട് ഉണ്ടാക്കുന്ന ശബ്ദങ്ങൾ മൈക്ക് പൊത്തിപ്പിടിക്കുന്പോൾ ശരിയായി കേൾക്കാനാവില്ലെന്നും സീനിയർ താരങ്ങൾ പറഞ്ഞുകൊടുത്തു.
തങ്ങളുടെയെല്ലാം തുടക്കകാലത്തു കേരളത്തിൽ മിമിക്രി ട്രൂപ്പുകൾ ധാരാളമുണ്ടായിരുന്നു. അതിലെല്ലാം പ്രഗത്ഭരായ സീനിയർ താരങ്ങളും ഉണ്ടായിരുന്നു. ഗുരുസ്ഥാനീയരായ അവർ ഞങ്ങൾക്കുണ്ടാകുന്ന പിഴവുകളും പ്രശ്നങ്ങളും അപ്പപ്പോൾ ചൂണ്ടിക്കാണിക്കാറുള്ളതുകൊണ്ട് തെറ്റുകൾ തിരുത്താൻ അവസരമുണ്ടായിരുന്നുവെന്നും പ്രമുഖ മിമിക്രി കലാകാരൻ കലാഭവൻ ജയൻ പറഞ്ഞു.
ഇന്നു പുതിയ കുട്ടികൾക്കു തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തിക്കൊടുക്കാൻ അവസരങ്ങളില്ലെന്നതു വലിയ പ്രശ്നമാണ്. കേരളത്തിൽ മിമിക്രി ട്രൂപ്പുകൾ വിരലിലെണ്ണാവുന്നത്ര കുറഞ്ഞതും പുതിയ കലാകാരൻമാർക്ക് അവസരങ്ങൾ കുറയുന്നതിനു കാരണമായി. ചാനലുകളിൽ മിമിക്രിയുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകൾ ഉണ്ടെങ്കിലും സ്റ്റേജ് പെർഫോമൻസും ചാനൽ പെർഫോമൻസും രണ്ടും രണ്ടാണ് - മിമിക്രിയിലെ പുതിയ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ശില്പശാലയിൽ അവലോകനം ചെയ്തു.
ശില്പശാലയിൽ പങ്കെടുത്തവർക്കു തുടർപരിശീലനങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നു സംഘാടകരായ മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.