ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് 19ന്
1422400
Tuesday, May 14, 2024 1:17 AM IST
ഇരിങ്ങാലക്കുട: രൂപതയുടെ ചരിത്രത്തിൽ ആദ്യമായുള്ള ദിവ്യകാരുണ്യ കോണ്‍ഗ്രസ് പന്തക്കുസ്ത തിരുനാള്‍ദിനമായ 19ന് സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തും. കേരളസഭയുടെ നവീകരണത്തിന്റെ ഭാഗമായും ഇരിങ്ങാലക്കുട രൂപതയുടെ സുവര്‍ണജൂബിലിക്ക് ഒരുക്കമായുമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുന്നത്. "ഒന്നായി ഒരു ഹൃദയമായി ദിവ്യകാരുണ്യത്തിലേക്ക്' എന്ന ആപ്തവാക്യവും, "ദിവ്യകാരുണ്യം ജീവകാരുണ്യം' എന്ന സന്ദേശവുമായാണ് പരിപാടിയെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.
രൂപതയിലെ അറുപതിനായിരത്തോളം കുടുംബങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തയ്യായിരം പേര് പങ്കെടുക്കും. രാവിലെ 9.30 ന് രജിസ്ട്രേഷന്. കത്തീഡ്രല്‍ സ്റ്റേജിനു മുന്‍വശത്തു തയാറാക്കിയ പന്തല്‍, സിയോണ്‍ ഹാള്‍, പാരിഷ് ഹാള്‍, ഡോണ്‍ ബോസ്കോ സ്കൂള്‍, സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയം, സെന്റ് ജോസഫ്സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ബിഷപ്സ് ഹൗസ് എന്നിങ്ങനെ ഏഴു കേന്ദ്രങ്ങളിലായി ദിവ്യകാരുണ്യ സെമിനാറുകള്‍ നടക്കും. ക്ലാസുകള്‍ക്കു ഫാ. ഡേവിസ് ചിറമ്മല്‍, ഫാ. ജോയ് ചെഞ്ചേരില്‍, റവ.ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍, ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, ശശി ഇമ്മാനുവേല്‍, ഫാ. ഏലിയാസ് ഒഎഫ്എം, ഫാ. ജെയിംസ് പള്ളിപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.
രാവിലെ 10.30ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് പാനികുളം ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത മെത്രാന് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ദിവ്യകാരുണ്യ അനുഭവം പങ്കുവയ്ക്കും.
ഉച്ചയ്ക്ക് 1.30 മുതല്‍ ദിവ്യകാരുണ്യ ആരാധനയ്ക്കു ഫാ. അഗസ്റ്റിന് വല്ലൂരാന് വിസി നേതൃത്വം നല്‍കും. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാർ മാര്‍ ടോണി നീലങ്കാവില്‍ ആശീര്‍വാദം നിര്‍വഹിക്കും. 2.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. പാലക്കാട് രൂപത മെത്രാന് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ വചനസന്ദേശം നല്‍കും.
നാലിനു ദിവ്യകാരുണ്യപ്രദക്ഷിണം കത്തീഡ്രല്‍ പള്ളിയില്‍നിന്ന് ആരംഭിച്ച് ചന്തക്കുന്ന്, ചന്ദ്രിക ജംഗ്ഷന്, പ്രോവിഡന്‍സ് ഹൗസ് വഴി ഠാണാവിലൂടെ കത്തീഡ്രല്‍ പള്ളിയില്‍ തിരിച്ചെത്തും. തുടര്‍ന്ന് ദിവ്യകാരുണ്യ ആശീര്‍വാദത്തോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിക്കും.
ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുക്കമായി വ്യക്തികളും കുടുംബങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം പ്രാര്‍ഥിച്ച് അഞ്ചു ലക്ഷം ജപമാല ചൊല്ലും. രൂപതയുടെ സ്പിരിച്ച്വാലിറ്റി സെന്ററില്‍ 40 മണിക്കൂര്‍ ആരാധനയില്‍ വിശ്വാസികള്‍ പങ്കെടുത്തു. ആളൂര്‍ ബിഎല്‍എം കപ്പേളയില്‍ ആരംഭിച്ച അഖണ്ഡആരാധന 15 വരെ തുടരും.
വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ജനറല്‍ കണ്‍വീനര്‍ ഫാ. റിജോയ് പഴയാറ്റില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ടെല്‍സന്‍ കോട്ടോളി, ലിംസണ്‍ ഊക്കന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.