അനധികൃത മത്സ്യബന്ധനം: 1.20 ലക്ഷം രൂപ പിഴ ചുമത്തി; ബോട്ട് പിടിച്ചെടുത്തു
1422399
Tuesday, May 14, 2024 1:17 AM IST
അഴീക്കോട്: പെര്‍മിറ്റ് ഇല്ലാതെ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ്- മറൈന്‍ എന്‍ഫോഴ്സ്മെന്റ്. എറണാകുളം മുനമ്പം പള്ളിപ്പുറം സ്വദേശി വിനുവിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ജോര്‍ജ് ബോട്ടാണു പിടിച്ചെടുത്തത്. ബോട്ടിലെ മത്സ്യം പരസ്യലേലം ചെയ്തു ലഭിച്ച 17,500 രൂപ സര്‍ക്കാരിലേക്കു കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിനു പിഴയായി 1,20,000 രൂപ സര്‍ക്കാരിലേക്ക് അടപ്പിച്ചു.
സര്‍ക്കാര്‍ നിശ്ചിയിച്ച പെര്‍മിറ്റ് തുക അടയ്ക്കാതെ ഇതരസംസ്ഥാന തൊഴിലാളികളെയും ഇതരജില്ലക്കാരെയും ഉപയോഗപ്പെടുത്തിയാണു തീരക്കടലില്‍ മത്സ്യബന്ധനം നടത്തിയിരുന്നത്. പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലയുടെ തെക്കേ അതിര്‍ത്തിയായ അഴീക്കോടുമുതല് വടക്കേ അതിര്‍ത്തിയായ കാപ്രിക്കാട് വരെയുള്ള കടല്‍തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കിയതിനെതുടർന്നാണ് അഴീക്കോട് ഭാഗത്തുനിന്ന് എത്തിയ ബോട്ട് പിടികൂടിയത്.
പ്രത്യേക പരിശോധനാസംഘത്തില്‍ എഎഫ്ഇഒ സംന ഗോപന്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിംഗ് ഉദ്യോഗസ്ഥരായ വി.എന്‍. പ്രശാന്ത് കുമാര്‍, വി.എം. ഷൈബു, ഇ.ആര്. ഷിനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
സീ റെസ്ക്യൂ ഗാര്‍ഡുമാരായ ഷിഹാബ്, ഫസല്‍, സ്രാങ്ക് ദേവസി, എൻജിന് ഡ്രൈവര്‍ പ്രകാശന് എന്നിവരും ഉണ്ടായിരുന്നു.