കാറ്റും മഴയും: വാഴക്കൃഷി നശിച്ചു
1422221
Monday, May 13, 2024 1:27 AM IST
വടക്കാഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും മുള്ളൂർക്കരയിൽ വൻ കൃഷിനാശം. ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത ചെങ്ങാലിക്കോടൻ വാഴകളാണ് കാറ്റിൽ നശിച്ചത്. മുള്ളൂർക്കര മണ്ഡലംകുന്ന് കല്ലടിയിൽ നരിപ്പറ്റ പ്രതീഷ് ബാബുവിന്റെ 150 ഓളം വാഴകൾ ഒടിഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റും മഴയുമാണ് നാശംവിതച്ചത്. പത്തുമാസത്തോളം പരിപാലിച്ച വാഴകളിൽ അവശേഷിക്കുന്നത് ഏഴെണ്ണം മാത്രമാണ്.
40 സെന്റ് ഭൂമിയിലാണ് പ്രതിഷ് ബാബു വാഴക്കൃഷി ചെയ്തത്. കൊടുംവേനലിൽ രണ്ടു നേരം നനച്ചും ജൈവവളം മാത്രം പ്രയോഗിച്ചും വളർത്തിയെടുത്ത വാഴകൾ കുലച്ചുതുടങ്ങിയ സമയത്താണ് കാറ്റിൽ നശിച്ചത്. ഇതോടൊപ്പം കൃഷിചെയ്ത കപ്പയും മറിഞ്ഞുവീണ് നശിച്ചിട്ടുണ്ട്. അരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. മുള്ളൂർക്കര കൃഷിഭവൻ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.